മലയാളികൾ ഉത്രാടപ്പാച്ചിലിൽ ....... !!!

By BINDU PP.14 Aug, 2017

imran-azhar

 

 

 

ഉത്രാട പാച്ചിലിൽ തിരക്കിലാണ് ഓരോ മലയാളികളും.ഐശ്വര്യവും സമ്പദ്സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ സ്വപ്നം കാണുന്ന മലയാളിയുടെ ഒരാണ്ടത്തെ കാത്തിരിപ്പിന് ഉത്രാടപ്പാച്ചിലോടെ പൂര്‍ണത. തിരുവോണം കെങ്കേമമായി ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും മലയാളികള്‍ ഇന്ന് പൂര്‍ത്തിയാക്കും. പിന്നെ വിരുന്നൊരുക്കി കാത്തിരിക്കും. മാവേലിമന്നനെ. ഉത്രാടപ്പാച്ചിലിന് തടയിടാന്‍ ഇടയ്ക്കിടയ്ക്ക് മഴ കനത്തുപെയ്യുന്നുണ്ടെങ്കിലും ആരും അത് കണക്കിശലടുക്കുന്നില്ല. മഴയും വെയിലുമെല്ലാം ഏറ്റിട്ടും വീട്ടമ്മമാരടക്കം തിരക്കിലാണ്.

 

 

വഴികച്ചവടക്കാര്‍ക്കടുത്തും വസ്ത്ര വ്യാപാരശാലകളിലും സ്വര്‍ണക്കടകളിലുമെല്ലാം തിരക്കോട് തിരക്ക്. കൈത്തറി വസ്ത്രം തിരുവോണത്തിന്റെ പ്രത്യേകതയാണ്. കസവുമുണ്ടും നേര്യതും ഡബിള്‍മുണ്ടുമെല്ലാം ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ഓണക്കാലത്താണ്. വില്‍പ്പനയ്ക്ക് ആക്കം കൂട്ടാന്‍ സര്‍ക്കാര്‍ പതിവുപോലെ ഇക്കുറിയും 20 ശതമാനം റിബേറ്റ് ഏര്‍പ്പെടുത്തി. സഹകരണ സംഘങ്ങള്‍ ചിലത് പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തി. കൈത്തറിവസ്ത്രം വിറ്റഴിക്കാന്‍ ഹാന്റക്സ്, ഹാന്‍വീവുമെല്ലാം പ്രത്യേകവസ്ത്ര പ്രദര്‍ശനം വിപണനമേളകള്‍ സംഘടിപ്പിച്ചു.

 

 

മലയാളി ഇത്രയേറെ പൂവുകള്‍ വാങ്ങിക്കൂട്ടുന്നകാലം വേറെയില്ല. മുമ്പ് നാട്ടിന്‍പുറങ്ങളില്‍ നിന്നും പൂവിറുത്ത് അത്തപ്പൂക്കളമൊരുക്കിയിരുന്നു. ഇന്ന് പൂക്കള്‍ 90 ശതമാനവും മറുനാട്ടില്‍ നിന്നും എത്തണം. മഴ പൂവില്‍പ്പനയെയും കാര്യമായി ബാധിച്ചു. പലര്‍ക്കും പൂക്കളങ്ങള്‍പോലും തീര്‍ക്കാനാകാത്തത്ര മഴയായിരുന്നു.വഴിവാണിഭക്കാരെയാണ് മഴ ഏറെ ചുറ്റിച്ചത്. മലയാളിയെ കോടിയുടുപ്പിക്കാന്‍ മറുനാട്ടില്‍ നിന്നും പതിവായി എത്തുന്നവര്‍ ഇക്കുറിയും വളരെ നേരത്തെ എത്തിയിരുന്നു. അവര്‍ പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല.പച്ചക്കറികടകള്‍ സജീവമായിട്ട് കുറച്ചുദിവസങ്ങളേ ആയുള്ളൂ. ഇന്നുകൂടി പച്ചക്കറികടകള്‍ക്ക് വിശ്രമമില്ല. മത്സ്യമാംസാദികള്‍ക്ക് വലിയ പ്രധാന്യം തിരുവോണനാളിലില്ലാത്തതിനാല്‍ ആ രംഗം സജീവമല്ല.എന്നാൽ മലബാർ ഭാഗങ്ങളിൽ ഓണത്തിന് മത്സ്യമാംസാദികള്‍ ഉപയോഗിക്കും.