ഓണം : വഴിയോരക്കച്ചവടം അടുത്ത മാസം 5 മുതല്‍

By online desk.25 08 2019

imran-azhar

 

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചുള്ള വഴിയോരക്കച്ചവടം അടുത്തമാസം അഞ്ച് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് വ്യാപാരം. നൂറുകണക്കിന് പേരാണ് നഗരസഭയില്‍ നിന്നും അനുമതി തേടി അപേക്ഷ നല്‍കിയിട്ടുള്ളത്.

 

ഗതാഗതത്തിന് തടസമുണ്ടാകാത്ത തരത്തിലുള്ള കച്ചവടത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത്. തമ്പാനൂര്‍, ഓവര്‍ബ്രിഡ്ജ്, കിഴക്കേക്കോട്ട, പാര്‍ത്ഥാസിനു സമീപത്തെ ഫ്‌ളൈ ഓവറിനു താഴെയുള്ള സ്ഥലങ്ങള്‍, പവ്വര്‍ഹൗസ് റോഡ്, പാളയം, സ്റ്റാച്യു തുടങ്ങിയ മേഖലകളിലാണ് ഓണം വ്യാപാരത്തിനായി അനുവദിച്ചു നല്‍കിയ പ്രദേശങ്ങള്‍. ഇത്തവണയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാകും വ്യാപാരികള്‍ കച്ചവടം നടത്തുക. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് അപേക്ഷ സമര്‍പ്പിച്ച വ്യാപാരികള്‍ക്ക് നഗരസഭ നിര്‍ദ്ദേശം നല്‍കി.

 

ഓണത്തോടനുബന്ധിച്ചു നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ബോധവത്കരണ ക്ലാസും നടത്തും. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഈയാഴ്ച നടക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് കലാകൗമുദിയോടു പറഞ്ഞു. സുഭോജനം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ എല്ലാ ഹോട്ടലുകളിലെയും ജീവനക്കാരോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും ഹോട്ടലുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനെ കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുമാണ് നല്‍കുക.

 

അടുത്തിടെ ചിലയിടങ്ങളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിലാണിത്. ഓണത്തോടനുബന്ധിച്ച് ആഡംബര ഹോട്ടലുകളില്‍ ഉള്‍പ്പെടെ ആള്‍ക്കാരുടെ തിരക്ക് വര്‍ദ്ധിക്കും. ഇതു കണക്കിലെടുത്ത് ആഹാരം കഴിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആഹാര പദാര്‍ത്ഥങ്ങള്‍ വൃത്തിയായ അന്തരീക്ഷത്തിലാണോ പാകം ചെയ്യുന്നതെന്ന് ഹെല്‍ത്ത് സ്‌ക്വാഡുകള്‍ പരിശോധിക്കും. നിരന്തരം പരിശോധനകള്‍ എല്ലാ ഹോട്ടലുകളിലും ഉണ്ടാകും. മായം ചേര്‍ത്ത ആഹാരസാധനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. ഈയാഴ്ചതന്നെ പദ്ധതി ഉദ്ഘാടനം ചെയ്യും. ഓണത്തിനു ശേഷവും ഈ പദ്ധതി തുടരാനാണ് നഗരസഭയുടെ ആലോചന. ആറുമാസം കൂടുമ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ അറിയിച്ചു.

 

 

OTHER SECTIONS