പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്

By online desk .13 02 2020

imran-azhar

 


ന്യുഡല്‍ഹി: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ലോക്‌സഭ തിരഞ്ഞടുപ്പിനു രണ്ടു മാസം പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വന്‍ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്.

 

ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞു മടങ്ങുന്നവര്‍ അടക്കം 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളില്‍ ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോകുമ്പോള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ചാവേര്‍ ഓടിച്ച കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.

 


പിന്നാലെയെത്തിയ ബസുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റി. പൂര്‍ണമായി തകര്‍ന്ന 76ാം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടി വയ്പുമുണ്ടായി. വസന്തകുമാര്‍ 82ാം ബറ്റാലിയനിലെ ജവാനായിരുന്നു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്‌ഷെ മുഹമ്മദ്, ചാവേറിന്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിനു തൊട്ടുമുന്‍പു ചിത്രീകരിച്ച വിഡിയോയില്‍, എകെ 47 റൈഫിളുമായാണ് ചാവേര്‍ നില്‍ക്കുന്നത്.

 

ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീര്‍ പൊലീസില്‍നിന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു കേസ് എന്‍ഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എന്‍ഐഎ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. പിന്നാലെ, പുല്‍വാമയ്ക്കു സമീപം ലെത്പൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

 

ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തു, ആക്രമണത്തിനു മുന്‍പ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ തയാറെടുപ്പുകള്‍, പാക്കിസ്ഥാന്റെ പങ്ക്, ഭീകരര്‍ക്കു പ്രദേശികമായി ലഭിച്ച പിന്‍തുണ, ഇന്റലിജെന്‍സ് വീഴ്ച എന്നിവയാണ് മുഖ്യമായും എന്‍ ഐ എ അന്വേഷിച്ചത്.പുല്‍വാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു.

 

 

 

 

OTHER SECTIONS