കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ദുര്‍ഭരണം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു: ഉമ്മന്‍ ചാണ്ടി

By Sooraj Surendran.18 10 2019

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തുന്ന ദുര്‍ഭരണം കാരണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഉളളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുമാരപുരം കലാകൗമുദി റോഡിലെ 154-ാം ബൂത്തില്‍ ഇന്നലെ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. മോഹന്‍കുമാറിനെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നതിലൂടെ ജനങ്ങളുടെ അഭിലാഷമാണ് നടപ്പിലാക്കുക. കേരളത്തിലെ മുഴുവന്‍ ജനങ്ങളും വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാരെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഐക്യജനാധിപത്യമുന്നണിയെ ജയിപ്പിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കാണ് അതിന്റെ ആശ്വാസമെന്നതാണ് അതിന് കാരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇനി അവശേഷിക്കുന്ന ഓരോ മണിക്കൂറും മോഹന്‍കുമാറിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രായവ്യത്യാസമില്ലാതെ അമ്മമാരും, കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് തോരാത്ത മഴയിലും ആവേശത്തോടെ ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ചത്. 154-ാം ബൂത്ത് പ്രസിഡന്റ് വിജയ്ദാസ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് സെക്രട്ടറി കൃഷ്ണകാന്ത്, കെഎസ്യു പ്രസിഡന്റ് അഭിജിത്ത്, മുന്‍ കെഎസ്യു ജില്ലാ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ അഡ്വ. ഗോപി ദാസ്, മെഡിക്കല്‍ കോളേജ് മണ്ഡലം പ്രസിഡന്റ് രാജേഷ്, എം പി സജു, കോട്ടത്തറ മോഹന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

 

OTHER SECTIONS