വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികനെതിരെ കൂടുതല്‍ തെളിവുകള്‍

By Anju N P.13 Jul, 2018

imran-azhar

 

തിരുവല്ല : പീഡന കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് സഭാ വൈദികനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ രണ്ടാംപ്രതിയായ ഫാദര്‍ ജോബ് മാത്യു പരാതിക്കാരിയോട് സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ ലഭിച്ചു. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫാ.ജോബിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. പരാതിക്കാരി വൈദികന്റെ താമസ സ്ഥലത്ത് എത്തിയതിനും തെളിവ് ലഭിച്ചു.

 

യുവതിയെ കുമ്പസാരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും വൈദികന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇടവകാംഗമെന്ന നിലയില്‍ യുവതിയെ പരിചയമുണ്ടെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. അറസ്റ്റിലായ ഫാദര്‍ ജോബ് മാത്യുവിനെ തിരുവല്ല മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

കുമ്പസാര വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നതാണ് ഫാ.ജോബ് മാത്യുവിനെതിരെയുള്ള പരാതി. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന നാലുവൈദികരില്‍ മൂന്നുപേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച കോടതി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.അതേസമയം കേസില്‍ ഒന്നും നാലും പ്രതികളായ വൈദികര്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു.