ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമെന്ന് ഉറപ്പ്: സോണിയാ ഗാന്ധി

By Shyma Mohan.07 09 2022

imran-azhar

 


കന്യാകുമാരി: ചിന്തകളിലും പ്രാര്‍ത്ഥനകളിലും യാത്രയില്‍ പങ്കുചേരുമെന്ന് അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

 

ഭാരത് ജോഡോ യാത്രക്ക് മുന്‍പായി സോണിയാ ഗാന്ധിയുടെ സന്ദേശം മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയാണ് അറിയിച്ചത്. മൂവര്‍ണ്ണക്കൊടി കയ്യിലേന്തി കന്യാകുമാരിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി പൊതുയോഗത്തിന്റെ വേദിയിലേക്ക് കടന്നത്.

 

മെഡിക്കല്‍ പരിശോധനകള്‍ കണക്കിലെടുത്ത് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ചരിത്രപ്രസിദ്ധമായ ഭാരത് ജോഡോ യാത്രയില്‍ വ്യക്തിപരമായി ഉണ്ടാകാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവനയില്‍ പറയുന്നു. മഹത്തായ പാരമ്പര്യമുള്ള, നമ്മുടെ മഹത്തായ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇതൊരു സുപ്രധാന സന്ദര്‍ഭമാണ്. ഞങ്ങളുടെ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരിവര്‍ത്തന നിമിഷം കൂടിയാണിത്.

 

ഏകദേശം 3600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുഴുവന്‍ പദയാത്രയും പൂര്‍ത്തിയാക്കുന്ന ഞങ്ങളുടെ 120ഓളം സഹപ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പങ്കെടുക്കുന്ന നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും സോണിയ പറഞ്ഞു.

OTHER SECTIONS