ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് ജാമ്യം

By mathew.22 10 2019

imran-azhar

 


ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് സുപ്രീം കോടതി അദ്ദേഹത്തിന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. നിലവില്‍ ഐ.എന്‍.എക്സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം.

ആഗസ്റ്റ് 21നായിരുന്നു ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. ജാമ്യം തേടി ഇതിനിടെ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യ ഹര്‍ജി തള്ളിയത്.

ഒക്ടോബര്‍ 17ന് ചിദംബരത്തെ ഡല്‍ഹിയിലെ പ്രത്യേക കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലത്ത് വീട്ടിലെ ഭക്ഷണം, മരുന്ന് എന്നിവയും യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയവും അനുവദിച്ചായിരുന്നു കോടതി കസ്റ്റഡിയില്‍ വിട്ടത്.

 

OTHER SECTIONS