ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തത് ആള്‍ക്കൂട്ടം; പ്രതിഷേധവുമായി പി.ജെ ജോസഫ്

By mathew.16 06 2019

imran-azhar


തൊടുപുഴ: ജോസ് കെ മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. നടന്നത് സംസ്ഥാന കമ്മിറ്റിയില്ലെന്നും ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി ഭരണ ഘടന പ്രകാരമല്ലാതെ എടുത്ത ഈ തീരുമാനം നിലനില്‍ക്കില്ലെന്നും ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ജോസഫിന്റെ പ്രതികരണം.

ഭരണഘടന അനുസരിച്ചേ പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാന്‍ കഴിയൂ. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ 10 ദിവസത്തെ നോട്ടിസ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസര്‍ ഉണ്ടായിരുന്നില്ലെന്നും യോഗത്തിനെത്തിയ ബഹുഭൂരിപക്ഷം പേരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെറും ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കുന്നതിനുള്ള അധികാരം ചെയര്‍മാനോ അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്നയാള്‍ക്കോ ആണ്. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ വേണം നിര്‍ദേശം നല്‍കാനെന്നും ഇത് രണ്ടും ഇപ്പോള്‍ നടന്നില്ലെന്നും ജോസഫ് പറഞ്ഞു. തികച്ചും അനധികൃതമായ യോഗമാണ് നടന്നത്. അതിനാല്‍ത്തന്നെ തീരുമാനങ്ങളൊന്നും നിലനില്‍ക്കില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.

 

 

OTHER SECTIONS