തന്ത്രി നടയടച്ചാല്‍ ശബരിമല ക്ഷേത്രത്തില്‍ പൂജ ചെയ്യുവാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് മല അരയ സമുദായം

By Anju N P.02 01 2019

imran-azhar


സ്ത്രീ പ്രവേശനത്തെത്തുടര്‍ന്ന് ശബരിമല അടച്ചിട്ടാല്‍ അവിടെ പൂജ ചെയ്യുവാന്‍ തങ്ങള്‍ തയ്യാറാണെന്ന് മലഅരയ സമുദായം. ശബരിമലയില്‍ പൂജ ചെയ്യുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കാണിച്ച് മല അരയര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്നു പുലര്‍ച്ചെ ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധികലശം ചെയ്തതോടെയാണ് പ്രസ്താവനയുമായി സമുദായം രംഗത്തെത്തിയത്.

 

ശബരിമല അയ്യപ്പന്‍ സ്ത്രീ വിരുദ്ധനാണെന്ന നിലപാടാണ് തന്ത്രി കുടുംബവും മറ്റു വരേണ്യ വിഭാഗങ്ങളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ശബരിമല അയ്യപ്പന്റെയും ക്ഷേത്രത്തിന്റെയും ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇത്തരമൊരു വാദം എങ്ങും ഉയര്‍ന്നു കാണുവാന്‍ കഴിയില്ല. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ പടച്ചുവിടുന്നതെന്നും ഐക്യ മല അരയ സംഘടനയുടെ ജനറല്‍ സെക്രട്ടറി പികെ സജീവ് പറഞ്ഞു.

 

ശബരിമലയിലെ യഥാര്‍ത്ഥ അവകാശികള്‍ മല അരയരാണെന്നും ബ്രാഹ്മണ മേധാവിത്വം ആചാര ലംഘനത്തിന്റെ പേരില്‍ ക്ഷേത്രം അടച്ചിട്ടാല്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യുവാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന് മല അരയ സമുദായം പിന്തുണ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

ഭരണഘടനയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും എന്നാല്‍ രാജ്യത്ത് എന്തിനും മുകളിലാണ് ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പാലിക്കപ്പെടേണ്ടത് ഭരണഘടന വിധിയാണ്. എന്നാല്‍ ശുദ്ധികലശം നടത്തിയതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നത് സുപ്രീംകോടതി വിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

സുപ്രീംകോടതി വിധി ലംഘനത്തിനെതിരെ ശുദ്ധികലശം നടത്താന്‍ തീരുമാനിച്ചവര്‍ക്കെതിരെയും അതിനു പിന്തുണ നല്‍കിയവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധികലശം നടത്തുവാന്‍ തീരുമാനിച്ചതിലൂടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സ്ത്രീ സമത്വമെന്ന വസ്തുതയെയാണ് ഇവര്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. സ്ത്രീ വീണ്ടും അശുദ്ധയാണെന്ന് വിളിച്ചുപറയുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS