കശ്മീര്‍ വിഷയത്തില്‍ യുഎസ് പിന്തുണ തേടി പാകിസ്ഥാന്‍

By mathew.17 08 2019

imran-azhar

 

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ യുഎസ് പിന്തുണ ആവശ്യപ്പെട്ട് പാകിസ്ഥാന്‍. യുഎന്‍ രക്ഷാസമിതി യോഗത്തിനിടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. എന്നാല്‍, കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്.


എന്നാല്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370-മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ മറുപടി നല്‍കി. പുറത്തു നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് യുഎന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ പ്രതികരിച്ചു. ഭീകരത അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാം. ജമ്മു കശ്മീരിലെയും ലഡാക്കിലേയും ജനങ്ങള്‍ക്കു സര്‍ക്കാര്‍ വികസനം ഉറപ്പാക്കുമെന്നും കശ്മീരിലെ നിയന്ത്രണങ്ങള്‍ പടിപടിയായി എടുത്തുമാറ്റുമെന്നും ഇന്ത്യ അറിയിച്ചു. കശ്മീരില്‍ സമാധാനം ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ വ്യക്തമാക്കി.


യുഎന്‍ രക്ഷാസമിതിയുടെ യോഗം അതിനിടെ അവസാനിച്ചു. യോഗത്തില്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാണെന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ചൈന പാകിസ്ഥാനെയും പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ബംഗ്ലദേശ് യുദ്ധത്തിനു ശേഷം ആദ്യമായാണ് കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ വിഷയത്തില്‍ നയതന്ത്ര പരിഹാരം കാണണമെന്ന നിലപാടിലാണു റഷ്യ.

 

OTHER SECTIONS