പാകിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി എഫ്.എ.ടി.എഫ്

By mathew.15 10 2019

imran-azhar

 

പാരീസ്: പാകിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.). ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഫ്.എ.ടി.എഫ്. എഫ്.എ.ടി.എഫ് നിര്‍ദേശിച്ച ഭീകര വിരുദ്ധ നടപടികള്‍ സമയ പരിധിക്കുള്ളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് എഫ്.എ.ടി.എഫ് കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്.

ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഒക്ടോബര്‍ 18ന് ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ ഗ്രേ പട്ടികയിലുള്ള പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടുമുന്നിലുള്ള ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

എഫ്.എ.ടി.എഫ് പ്ലീനറിയില്‍ പങ്കെടുക്കുന്ന ഔദ്യോഗിക വൃത്തങ്ങളാണ് പാകിസ്ഥാനെതിരെ സ്വീകരിക്കാന്‍ സാധ്യതയുള്ള കടുത്ത നടപടിയെക്കുറിച്ച് സൂചന നല്‍കിയത്. എഫ്.എ.ടി.എഫില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടേക്കുമെന്നും ഇവര്‍ പറയുന്നു.

എഫ്.എ.ടി.എഫ് നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക. എഫ്.എ.ടി.എഫ് നിഷ്‌കര്‍ഷിച്ച 27 കാര്യങ്ങളില്‍ ആറ് കാര്യങ്ങളില്‍ മാത്രമാണ് പാകിസ്ഥാാന്‍ മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്ഥാനെ ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

 

 

OTHER SECTIONS