ജയിക്കുക ജോസോ, ജോസഫോ? നിശബ്ദതരംഗം വിധിയെഴുതും

By online desk.22 09 2019

imran-azhar

 

പാലാ: പാലായില്‍ ഇക്കുറി മത്സരം കടുത്തതാണ്. ഇടതുവലതു മുണികള്‍ക്കൊപ്പം ബിജെപിയും രണ്ടും കല്‍പിച്ച് രംഗത്തുണ്ട്. പാലാക്കാരുടെ കനിവ് ഇക്കുറി ആര്‍ക്കൊപ്പമായാലും അതൊരു ചരിത്രമാകുമെന്നതില്‍ സംശയമില്ല. 1965 മുതല്‍ 2019 വരെ നീണ്ട 54 കൊല്ലം രാപ്പകലില്ലാതെ പാലാക്കാര്‍ക്കൊപ്പമുണ്ടായിരുന്ന മാണി സാറിന്റെ പിന്‍ഗാമിയാരെന്നതിനുള്ള ഉത്തരമാണ് തെളിയാന്‍ പോകുന്നത്. കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന് പാലായില്‍ വലിയ സ്വാധീനമൊന്നുമില്ല. പക്ഷേ, ജോസഫിനോട് ജോസ് കെ മാണി ചെയ്തത് ശരിയായില്ല എന്ന് കരുതുന്നവര്‍ പാലായില്‍ കുറവല്ല. ഇവരെ എങ്ങിനെയും കൈയ്യിലെടുക്കാനാണ് യുഡിഎഫ് നേതൃത്വം അവസാന നിമിഷങ്ങളില്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. കണക്കുകള്‍ ഐക്യ ജനാധിപത്യ മുന്നണിക്കനുകൂലമാണ് എന്ന് പലരും പറയാതെ പറയുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33,472 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാലായില്‍ കിട്ടിയത്. അതിനും മുന്നുകൊല്ലം മുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 4,703 വോട്ടുകളുടെ ഭൂരിപക്ഷമേ സാക്ഷാല്‍ കെ എം മാണിക്ക് പാലാ നല്‍കിയുള്ളൂ എന്നതും മറക്കാനാവില്ല. ബാര്‍കോഴയുടെ നിഴലില്‍ നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. ഇതിലും കുറഞ്ഞ ഭൂരിപക്ഷത്തില്‍ മാണി പാലായില്‍ നിന്നും കരകയറിയിട്ടുണ്ട്. 1970 ല്‍ കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്ബിനെതിരെ വെറും 374 വോട്ടുകളുടെ ഭൂരിപക്ഷമേ മാണിക്ക് കിട്ടിയിരുന്നുള്ളു. പാലായില്‍ കേരളാകോണ്‍ഗ്രസ് ശരിക്കും വിറക്കണമെങ്കില്‍ എതിര്‍പാളയത്ത് കോണ്‍ഗ്രസ് വേണമെന്നര്‍ത്ഥം. കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും ഒന്നിച്ചാല്‍ പാലായില്‍ അതൊരു ശക്തി തയൊണ്. അതിനെ തകര്‍ക്കുക ഇടതു മുന്നണിക്ക് എളുപ്പമല്ല.
എന്‍ഡിഎയും ശുഭപ്രതീക്ഷയില്‍ തന്നെയാണ്. 2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി 24,821 വോട്ട് നേടിയെടുത്തു. 2011 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി 6,359 വോട്ടുകള്‍ മാത്രം നേടിയിടത്താണ് ഹരിക്ക് ഇത്രയും വലിയൊരു നേട്ടം കൊയ്യാനായത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി സി തോമസിന് 26, 533 വോട്ടുകള്‍ ഇവിടെ നേടാനായി. ഹരി തന്നെ ഇക്കുറിയും മത്സരിക്കുന്നത്് ബിജെപിയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്്്. പക്ഷേ, പാലായില്‍ മൂന്നാം സ്ഥാനത്തിനപ്പുറത്തേക്ക് കടക്കണമെങ്കില്‍ ബിജെപിക്ക് വലിയൊരു അത്ഭുതം തന്നെ കാണിക്കേണ്ടിവരും. പക്ഷേ, കഴിയുന്നത്ര വോട്ടുപിടിക്കാന്‍ ബിജെപി തകര്‍ത്ത് പണിയെടുക്കുന്നുണ്ട്. കാശിനും ആളിനും യാതോരു മുട്ടുമില്ലാതെ ബിജെപിയും കളം നിറഞ്ഞു നില്‍ക്കുകയാണ്.
ഇക്കുറി പാലായില്‍ കോണ്‍ഗ്രസ് ഭയന്നത് മാണി കുടുംബത്തില്‍ നിന്നാരെങ്കിലും സ്ഥാനാര്‍ത്ഥിയായെത്തുമോ എന്നതാണ്. കുടുംബരാഷ്ട്രീയത്തിന്റെ പോരായാമയ്‌ക്കെതിരെ പലമണ്ഡലങ്ങളിലും പ്രതികരിച്ചവരാണ് വോട്ടര്‍മാര്‍. കെ മുരളീധരനും പത്മജയും ജോസ് കെ മാണിയുമെല്ലാം അത്തരം തിരിച്ചടികളുടെ നോവറിഞ്ഞവരുമാണ്. അതുകൊണ്ടുതന്നെ പാലായില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ സ്ഥാനാര്‍ത്ഥിയാവരുതെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു. പി ജെ ജോസഫല്ല , ഉമ്മന്‍ചാണ്ടിയാണ് വാസ്തവത്തില്‍ പാലായില്‍ ഇക്കുറി ജോസ് ടോം സ്ഥാനാര്‍ത്ഥിയായതിന് പിന്നില്‍ കരുക്കള്‍ നീക്കിയത്. പാലായില്‍ ഒരു നെഗറ്റീവ് തരംഗം ഉടലെടുക്കുന്നത് തടയുന്നതിനുള്ള കരുതല്‍ നടപടിയായിരുന്നു ഇത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കും പാലായില്‍ നടക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു. ജോസ് കെ മാണിയോട് താല്‍പര്യമില്ലാത്ത വലിയൊരു വിഭാഗം വോട്ടര്‍മാര്‍ പാലായിലുണ്ടെന്നും. പക്ഷേ, ഈ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് കിട്ടുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ലെന്നും ഇവര്‍ പറയുന്നു. സെപ്റ്റംബര്‍ 27നാണ് പാലായിലെ വോട്ടെണ്ണല്‍. മാണി സാറിന്റെ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന പാലായുടെ പുതിയ മുഖം ആരാകുമെന്ന് കാത്തിരുന്നു തന്നെ കാണാം.

OTHER SECTIONS