പാലക്കാട് ഇരട്ടക്കൊലപാതക കേസില്‍ മുസ്ലിം ലീഗ് നേതാവ് ഉള്‍പ്പടെ 25 പ്രതികള്‍ക്ക് ജീവപര്യന്തം

By Priya.16 05 2022

imran-azhar

പാലക്കാട്:പാലക്കാട് കല്ലാംകുഴിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ മുസ്ലിം ലീഗ് നേതാവ് ഉള്‍പ്പടെ 25 പ്രതികള്‍ക്ക് ജീവപര്യന്തം. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടകൊലപാതക കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി വിധിച്ചിരുന്നു.

 


2013 നവംബര്‍ 21നാണ് സിപിഎം പ്രവര്‍ത്തകരായ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവര്‍ വധിക്കപ്പെടുന്നത്. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി.എം. സിദ്ദിഖാണ് കേസിലെ ഒന്നാം പ്രതി. വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ കേസിലെ
നാലാം പ്രതിയായ ഹംസപ്പ മരിച്ചിരുന്നു.കൊലപാതകം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതിപ്പട്ടികയിലുണ്ട്.

 

 

പാലക്കാപറമ്പില്‍ അബ്ദുല്‍ ജലീല്‍, തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്‍, മങ്ങാട്ടുതൊടി ഷമീര്‍, അക്കിയപാടം കത്തിച്ചാലില്‍ സുലൈമാന്‍, മാങ്ങോട്ടുത്തൊടി അമീര്‍, തെക്കുംപുറയന്‍ ഹംസ, ചീനത്ത് ഫാസില്‍, തെക്കുംപുറയന്‍ ഫാസില്‍, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായില്‍ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീന്‍, ഷഹീര്‍, അംജാദ്, മുഹമ്മദ് മുബഷീര്‍, മുഹമ്മദ് മുഹസിന്‍, നിജാസ്, ഷമീം, സുലൈമാന്‍ എന്നിവരാണ് കുറ്റക്കാര്‍.

 

 

കൊലപാതകത്തിനു മുഖ്യകാരണം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും രാഷ്ട്രീയ, വ്യക്തിവിരോധവുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.1998ല്‍ സ്വത്തുതര്‍ക്കം സംബന്ധിച്ച് കല്ലാംകുഴി പാലയ്ക്കാപറമ്പില്‍ മുഹമ്മദ് കൊല്ലപ്പെട്ട കേസില്‍ വധിക്കപ്പെട്ട ഹംസയും നൂറുദ്ദീനും പ്രതികളായിരുന്നു. 2007ല്‍ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണം പരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീണ്ടും പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

 


കൊല്ലപ്പെട്ട ഹംസ, പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പിരിവിനെതിരെ പൊതുയോഗം നടത്തിയതോടെ പ്രശ്‌നം രാഷ്ട്രീയപരമായി മാറി. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.ചികിത്സയ്ക്കുശേഷം ഇവരെ വീട്ടില്‍ കൊണ്ടുപോകുന്ന വഴിയായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിനും ഗുരുതരമായി പരുക്കേറ്റിരുന്നു. കേസിലെ നിര്‍ണായകസാക്ഷിയായിരുന്നു കുഞ്ഞുമുഹമ്മദ്.ലീഗുകാരായ പ്രതികളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഎം ഉയര്‍ത്തിയിരുന്നു.

 

 

OTHER SECTIONS