പാലാരിവട്ടം മേല്‍പാലം; അധിക ലാഭത്തിനായി തട്ടിപ്പ്, കരാര്‍ കമ്പനി മുഖ്യ പ്രതി

By mathew.20 06 2019

imran-azhar

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ കരാര്‍ കമ്പനി കള്ളക്കളി നടത്തിയെന്നു വ്യക്തമാക്കുന്ന ഡി എം ആര്‍ സി മുന്‍ തലവന്‍ ഇ ശ്രീധരന്റെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. അധിക ലാഭത്തിനായി ഡിസൈനിനു വിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. നിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുകയും ചെയ്തു. പ്രാഥമിക കണ്ടെത്തലുകള്‍ ഇ. ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. നിര്‍മാണത്തില്‍ വരുത്തിയ ഗുരുതര ക്രമക്കേടുകള്‍ പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലത്തിന്റെ ഡിസൈന്‍ മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതു വരെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ നാഗേഷ് കസള്‍ട്ടന്റ് എറണാകുളത്തെ സാഹചര്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. ഈ ഡിസൈന്‍ പരിശോധനകള്‍ കൂടാതെ കസള്‍ട്ടന്റിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോ അംഗീകരിച്ചു. പദ്ധതി നടപ്പിലാക്കിയ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഒാഫ് കേരള ( ആര്‍ബിഡിസികെ )ഇടപെടലുകള്‍ നടത്തിയില്ലെന്നും ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നു. കരാര്‍ നേടിയ ആര്‍ഡിഎസ് പ്രോജക്റ്റിന് വേണ്ടത്ര പരിജ്ഞാനം ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ നടപ്പാക്കിയ അതേ രീതിയില്‍ തന്നെയുള്ള നിര്‍മാണമാണ് പാലാരിവട്ടത്തും നടത്തിയത്. ഇതു പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാണ്. ഡിസൈനില്‍ കോണ്‍ക്രീറ്റ് മിശ്രിതത്തിന്റെ തോത് വ്യക്തമായി നിര്‍വചിച്ചിരുന്നു. എന്നാല്‍ ഉപയോഗിച്ചതാകട്ടെ നിര്‍ദേശിച്ചതില്‍ നാലിലൊന്നു പോലും ബലം നല്‍കാത്ത തോതായിരുന്നു. ഇതിന്റെ മിക്‌സിങ്, ട്രാന്‍സ്‌പോട്ടേഷന്‍, ഫില്ലിങ് തുടങ്ങിയ ഒരു ഘട്ടത്തിലും കിറ്റ്‌കോ, ആര്‍ഡിബിസികെ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ആരും പരിശോധിച്ചിരുന്നില്ല. മേല്‍നോട്ടത്തിന് പോലും തുനിഞ്ഞിരുന്നില്ലെന്നും വ്യക്തമാകുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കോണ്‍ക്രീറ്റിന്റെ തോത് വ്യക്തമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

32 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളിലും നിര്‍മാണ പിഴവുണ്ട്. 22 മീറ്റര്‍ നീളമുള്ള 17 സ്പാനുകളില്‍ വിശദമായ പരിശോധന ആവശ്യമാണ്. ഒരു മീറ്റര്‍ വ്യാസമുള്ള 86 പൈലുകളുടെ നിര്‍മാണത്തിലും ഗുണനിലവാരം ഉറപ്പാക്കുന്ന സാമഗ്രഹികള്‍ ഉപയോഗിച്ചിട്ടില്ല. 122 ഗര്‍ഡറുകളും ഒരേ രീതിയിലല്ല നിര്‍മിച്ചിരിക്കുന്നത്. പലതിലും ഉപയോഗിച്ചിരിക്കുന്ന സാമഗ്രഹികള്‍ക്ക് കരാറില്‍ നിര്‍ദേശിച്ചിരുന്ന, ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരുന്ന ഗുണനിലവാരമില്ല. പൂര്‍ണമായ പരിശോധനയില്‍ മാത്രമെ ഇതു കണ്ടെത്താനാകൂവെന്നും പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ഇ. ശ്രീധരന്‍ പരിശോധനകള്‍ നടത്തിയത്. ഡിഎംആര്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനും കാന്‍പൂര്‍ ഐഐടിയിലെ കോണ്‍ക്രീറ്റ് വിദഗ്ദ്ധനുമായ ഡോ. മഹേഷ് ഠണ്ടന്‍, മദ്രാസ് ഐഐടിയിലെ ഡോ. പി. അളഗ സുന്ദര മൂര്‍ത്തി എന്നിവരും ഇ. ശ്രീധരനൊപ്പം പരിശോധനയില്‍ പങ്കെടുത്തിരുന്നു. ഡോ. പി.അളഗ സുന്ദര മൂര്‍ത്തിയാണ് നേരത്തെ മേല്‍പ്പാലത്തിന്റെ ബലക്ഷയം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വിജിലന്‍സ് അന്വേഷണത്തിനുള്ള കത്തു നല്‍കിയത്. ഇ.ശ്രീധരന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നടപടികളെ കുറിച്ചു സര്‍ക്കാര്‍ തീരുമാനിക്കുക.

പല ഘട്ടങ്ങളിലായി എസ്റ്റിമേറ്റ് ഉയര്‍ത്തി 72.60 കോടി രൂപയിലാണ് മേല്‍പ്പാലം പണി പൂര്‍ത്തിയാക്കിയത്. സ്ഥലം ഏറ്റെടുക്കല്‍ അടക്കമായിരുന്നു പദ്ധതി ചെലവ് വിലയിരുത്തിയിരുന്നത്. സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 ലായിരുന്നു നിര്‍മാണം ആരംഭിച്ചത്.442 മീറ്ററാണ് മേല്‍പ്പാലം. അപ്രോച്ച് റോഡ് അടക്കം 750 മീറ്ററായിരുന്നു പദ്ധതി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു തവണ ഉദ്ഘാടനം നിശ്ചയിച്ചിരുുവെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല. 2016 ഒക്‌റ്റോബറില്‍ ഇടതു സര്‍ക്കാരാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മേല്‍പ്പാലത്തിലെ ടാര്‍ ഇളകി കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 2017 ജൂലൈയില്‍ ബലക്ഷയം ശ്രദ്ധയില്‍പ്പെട്ടു.

 

OTHER SECTIONS