By RK.16 01 2022
ന്യൂഡല്‍ഹി: ഇതിഹാസ കഥക് നര്ത്തകന് പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.
കഥക് എന്ന കലാരൂപത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കാലാകാരനായിരുന്നു പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ബ്രിജ്മോഹന്‍ മിശ്ര എന്നാണ് മുഴുവന്‍ പേര്. ഡല്‍ഹിയില്‍ 'കലാശ്രമം' എന്ന പേരില്‍ കഥക് കളരി നടത്തിവരികയായിരുന്നു.
1938 ല്‍ ലക്നൗവിലാണ് ജനനം. കഥക് നൃത്തത്തിലെ പ്രധാനപ്പെട്ട പരമ്പരയായ മഹാരാജ് കുടുംബാംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ട് അമ്മാവന്മാരും അച്ഛനും കഥക് നര്‍ത്തകരായിരുന്നു.
ഏഴ് വയസ്സില്‍ തന്നെ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് നൃത്തത്തിന്റെ ലോകത്തിലേക്ക് എത്തി. ഇന്ത്യയിലും വിദേശത്തും ധാരാളം നൃത്തപരിപാടികള്‍ നടത്തിയിട്ടുണ്ട്. മികച്ച ഗായകനും വാദ്യോപകരണ വിദഗ്ധനുമായിരുന്നു.
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കാളിദാസ് സമ്മാന്‍, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.