വെള്ളായണി കായല്‍ ശുചീകരണത്തിനായി ഒരുമിച്ച് നാട്

By online desk.15 07 2019

imran-azhar

 

സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശുദ്ധജല കായലായ വെള്ളായണിയെ തിരിച്ചുപിടിക്കാന്‍ നാടുമുഴുവന്‍ കൈകോര്‍ക്കുന്നു. പായലും കുളവാഴയും കയറി നശിച്ചുകൊണ്ടിരിക്കുന്ന കായലിനു പുതുജീവന്‍ നല്‍കാനുള്ള സ്വസ്തി ഫൗണ്ടേഷന്റെ റിവൈവ് വെള്ളായണി പദ്ധതിയാണ് ജനപങ്കാളിത്തത്തോടെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്. ടൂറിസം, ജലസേചന വകുപ്പുകളുമായി സഹകരിച്ച് കായലിനു ചുറ്റും ചെടികളും കണ്ടല്‍ക്കാടുകളും വച്ചുപിടിപ്പിച്ച് ഭംഗിയാക്കും. മാത്രമല്ല, കായലില്‍ വീണ്ടും പായല്‍ മൂടാതെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

തിരുവനന്തപുരം നഗരസഭ, ഫയര്‍ ആന്റ് റെസ്‌ക്യൂ, റോട്ടറി ക്ലബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പൊലീസ്, ഫ്രാറ്റ്, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയെല്ലാം വെള്ളായണിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു.
750 ഹെക്ടറിലധികം വിസ്തൃതി ഉണ്ടായിരുന്ന വെള്ളായണിക്കാല്‍ ഇപ്പോള്‍ 450 ഹെക്ടറിനും താഴെയാണ്. കായല്‍ പായലും കുളവാഴയും നിറഞ്ഞ് ഒഴുക്കു നിലച്ച അവസ്ഥയിലാണ്. വയ്യാമൂവയില്‍ നിന്ന് മേയ് 28 നാണ് റിവൈവ് വെള്ളായണിക്ക് തുടക്കം കുറിച്ചത്. ഇതുവരെ 1000 ലോഡില്‍ അധികം മാലിന്യങ്ങളാണ് നീക്കം ചെയ്തത്. അതുതന്നെ മാലിന്യത്തിന്റെ പത്തു ശതമാനം മാത്രമാണ്.


കായലിന്റെ ആഴം കൂട്ടുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കായി ഒരു സമഗ്ര കര്‍മ്മ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കും. ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തിയുള്ള ബൃഹത്തായ പദ്ധതിക്ക് രൂപം നല്‍കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെ തുടര്‍ന്ന് വന്‍തോതില്‍ മണല്‍ വന്നടിഞ്ഞതിനെ തുടര്‍ന്ന് കായലിന്റെ സ്വാഭാവിക ആഴം വളരെയധികം കുറഞ്ഞിട്ടുണ്ട്. കായലിന്റെ ആഴം കൂട്ടുന്നതിനും തുടര്‍ന്നുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള പദ്ധതി ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ് കോളേജിന്റെ സഹായത്തോടെ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുവാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


വൃത്തിയാക്കിയ ഭാഗത്തേക്ക് വീണ്ടും പായല്‍ ഒഴുകിയെത്തുന്നത് തടയാന്‍ ബണ്ട് നിര്‍മ്മാണമടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗ്രാമ പഞ്ചായത്തുകളെയും ജലസേചന വകുപ്പിനെയും ചുമതലപ്പെടുത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രതിദിനം ധാരാളം സന്ദര്‍ശകരെത്തുന്ന വെള്ളായണി കായല്‍ പ്രദേശം ഉത്തരവാദിത്ത ടൂറിസ സൗഹൃദ മേഖലയാക്കും. കായലിന്റെ സംരക്ഷണത്തിനായി 60 വീതം കുടുംബങ്ങളെ അംഗമാക്കി ജനജാഗ്രതാ സമിതികള്‍ ആരംഭിക്കുവാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

 

 

 

 

 

 

 

OTHER SECTIONS