ശിവകുമാര്‍ ബി.ജെ.പിയിലേക്കെന്ന് തമ്പാനൂര്‍ സതീഷ്

By online desk.24 08 2019

imran-azhar

 

തിരുവനന്തപുരം : വി.എസ്. ശിവകുമാര്‍ എംഎല്‍എ ബിജെപിയിലേക്കെന്ന് ഐ ഗ്രൂപ്പ് നേതാവ് തമ്പാനൂര്‍ സതീഷ്. ശിവകുമാറിനെ ചതിയനെന്ന് വിശേഷിപ്പിച്ച് ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറും തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ തമ്പാനൂര്‍ സതീഷ് നടത്തിയ ഫെയ്‌സ്ബുക്ക് പ്രതികരണം വൈറലായി.കെപിസിസി പുനഃസംഘടയുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി ഐ ഗ്രൂപ്പിലെ ഒരുവിഭാഗം സതീഷിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ ശിവകുമാര്‍ കുപ്പായം തുന്നിയിരിക്കുന്നത് മുന്നില്‍ക്കണ്ടാണ് പുതിയ പടയൊരുക്കം. ഒരാള്‍ക്ക് ഒരു പദവി മാറ്റം വരുത്തിയില്ലെങ്കില്‍ ചരിത്ര വിഡ്ധിത്തം എന്ന തലക്കെട്ടോടെയാണ് സതീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
പുനഃസംഘടന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ പ്രതീക്ഷയോടയാണ് കാണുന്നത്. ഇതിനെ അട്ടിമറിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ആക്രമണസജ്ജമായി പടച്ചട്ട അണിഞ്ഞു നില്‍ക്കുന്നുവെന്നും സതീഷിന്റെ പോസ്റ്റില്‍ പറയുന്നു. കെപിസിസി മെമ്പര്‍, എഐസിസി മെമ്പര്‍, കെപിസിസി ഭാരവാഹി, സംസ്ഥാന മന്ത്രിമാര്‍ എല്ലാം കാല്‍കീഴില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുന്ന ഈ ജനപ്രതിനിധികള്‍ കോണ്‍ഗ്രസിന് ശാപമാണ്.

 

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ഭരണമാറ്റത്തിന് കാരണം നേതാക്കള്‍ക്ക് സര്‍ക്കാറില്‍ മന്ത്രിയായ ശേഷം അധികാരം നഷ്ടപ്പെടുമ്പോള്‍ മറുകണ്ടം ചാടി ബിജെപിയില്‍ ചേരുന്ന കാഴ്ച നമ്മള്‍ കാണുന്നു. ഇത്തരം ചതിയന്‍മാരെ പിന്നെ തിരിച്ച് എടുക്കരുത്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുവാന്‍ ആഗ്രഹിക്കുന്നു. ഒന്നും നേടിയെടുക്കാന്‍ വേണ്ടിയല്ല, മറിച്ച് ഇട്ടിരിക്കുന്ന ഖദര്‍ വസ്ത്രത്തിന്റെ അന്തസ്‌സ് ഉയര്‍ത്തി പിടിക്കാന്‍.

 

കേരളത്തില്‍ 2021 നടക്കുന്ന അസംബ്‌ളി തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് വേണം കെപിസിസി പുനഃസംഘടന നടപ്പിലാക്കുവാന്‍.കെപിസിസി പ്രസിഡന്റിന്റെ കുടെ പ്രവര്‍ത്തിക്കുവാന്‍ എല്ലാ സമയങ്ങളിലും നില്‍ക്കുന്നവരെ കെപിസിസിഭാരവാഹികള്‍ ആക്കണം. ഇതിനെ തടയുവാന്‍ ശ്രമിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ കുഴി തോണ്ടിയാല്‍ നിങ്ങള്‍ പാതാളത്തിലേക്ക് ഉള്ള യാത്രയില്‍ ആകുമെന്ന് ഓര്‍ക്കുന്നതാണ് നല്ലത്.'ഒരാള്‍ക്ക് ഒരു പദവി' നല്‍കാന്‍ എഐസിസി, കെപിസിസി നേതൃത്വം തയ്യാറകണം.
സാമ്പത്തിക ശേഷിയില്ലാത്ത കഴിവ് ഉള്ള സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വസ്ഥാനത്ത് വരണം. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തി പകരും. ഇതിന് തടസം നില്‍ക്കുന്ന നേതാക്കള്‍ക്ക് കാലം മാപ്പ് നല്‍കില്ല എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

 

പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഐ വിഭാഗമാണ് ഇടഞ്ഞുനില്‍ക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഒരാള്‍ക്ക് ഒരുപദവി എന്നതില്‍ മാറ്റംവരുത്താന്‍ മുല്ലപ്പള്ളി തയാറല്ല. ജനപ്രതിനിധികളായവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മണ്ഡലങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമുണ്ടാകില്ലെന്നും അതിനാല്‍ അവര്‍ ജനങ്ങളുടെ കാര്യങ്ങള്‍ നോക്കി മണ്ഡലത്തില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.ആദ്യഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി ഇതിന് എതിര്‍പ്പറിയിച്ചെങ്കിലും പിന്നീട് മുല്ലപ്പള്ളിക്ക് അനുകൂലമായി രംഗത്തെത്തി. അതേസമയം രമേശ് ചെന്നിത്തലയാകട്ടെ വി.എസ്. ശിവകുമാറിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറായിരുന്നില്ല. ഇതോടെയാണ് പാര്‍ട്ടി പുനഃസംഘടന കീറാമുട്ടിയായത്.ജൂലൈ 30നകം പുനഃസംഘടനയുണ്ടാകുമെന്നും ജമ്പോ കമ്മിറ്റികള്‍ക്കു പകരം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി പാര്‍ട്ടി ശക്തമാക്കുമെന്നുമായിരുന്നു മുല്ലപ്പള്ളി പരസ്യമായി വ്യക്തമാക്കിയത്. എന്നാല്‍ ചെന്നിത്തല തന്റെ ആവശ്യത്തില്‍ നിന്ന് പിന്‍മാറാതെ വന്നതോടെ തന്റെ കൈയില്‍ നില്‍ക്കില്ലെന്നു കണ്ട് മുല്ലപ്പള്ളി പുനഃസംഘടന ഹൈക്കമാന്‍ഡിനു വിടുകയായിരുന്നു.

 

ശിവകുമാറിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നതിനോട് സ്വന്തം ഗ്രൂപ്പിലുള്ള ഒരുവിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ഇക്കാര്യം രമേശ് ചെന്നിത്തലയോടും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരുപറഞ്ഞ് ശിവകുമാര്‍ വീണ്ടും പാര്‍ട്ടി നേതൃനിരയിലേക്ക് കടന്നുവരാനുള്ള ശ്രമം നടക്കുകയാണെന്നാണ് തമ്പാനൂര്‍ സതീഷിന്റെ കൂടെയുള്ളവരുടെ വാദം.

 

OTHER SECTIONS