By sisira.26 02 2021
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് മാറ്റത്തിനൊരുങ്ങി പി.സി. ജോര്‍ജ്. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയാകാനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്.
എന്നാല്‍ ഇതിനോട് പി.സി ജോര്‍ജിന് താതപര്യമില്ല. ഇതേതുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങള്‍ നോക്കാന്‍ പി.സി. ജോര്‍ജ് നിര്‍ബന്ധിതമായത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു.
എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോര്‍ജ് മുന്നണി വിടുകയും ചെയ്തു.
ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാന്‍ ജോര്‍ജ് താത്പര്യം പ്രകടിപ്പിച്ചു.
പാര്‍ട്ടിയില്‍ ഒരുവിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് ഇതിന് പി.സി. ജോര്‍ജ് നല്കിയ മറുപടി.
ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പെട്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി വന്നത്.
നിലവില്‍ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.