ബഹ്റയെ ഡി.ജി.പി ആക്കിയതിന് പിന്നില്‍ നിഗൂഢതയുണ്ടെന്ന് പി.സി ജോര്‍ജ്

By Online Desk.06 12 2018

imran-azhar

 

 

തിരുവനന്തപുരം: ലോക്നാഥ് ബഹ്റയെ ഡി.ജി.പിയാക്കിയതിനെ ചൊല്ലിയുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമസഭയിലും ചര്‍ച്ചയായി. നരേന്ദ്രമോദിയുടെ നോമിനിയാണ് ബഹ്റയെന്ന മുല്ലപ്പള്ളിയുടെ ആരോപണം പ്രതിപക്ഷത്തുനിന്ന് അടൂര്‍ പ്രകാശാണ് സഭയില്‍ ആവര്‍ത്തിച്ചത്. പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ നരേന്ദ്രമോദി പറഞ്ഞത് പിണറായി സ്വന്തം ആളാണെന്നും എപ്പോള്‍ വേണമെങ്കിലും തന്റെ വീട്ടില്‍ വന്ന് താമസിക്കാമെന്നുമാണ്. ഇവരുടെ അടുപ്പത്തില്‍ നിന്നാണ് ബഹ്റയുടെ നിയമനം നടന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

 

ബഹ്റ കുറ്റക്കാരനെങ്കില്‍ അന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തിനാണ് താന്‍ കണ്ട ഫയല്‍ ഒളിച്ചുവെച്ചതെന്ന് ഭരണപക്ഷത്തു നിന്ന് എം. സ്വരാജും എ.പ്രദീപ് കുമാറും വി. രാജേഷും മറുചോദ്യം ഉന്നയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. മുല്ലപ്പള്ളിക്കെതിരെ പരാതിയുള്ളവര്‍ കോടതിയില്‍ പോകണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഭരണപ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിനിടെ ലോക്നാഥ് ബഹ്റയുടെ നിയമനം ദുരൂഹമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

 

നിയമനത്തിന് പിന്നില്‍ നിഗൂഡതയുണ്ട്. ഈ ഡി.ജി.പി കേരളത്തിന് ഗുണകരമല്ല. താനിത് നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം. എവിടെ പോയാലും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ബഹ്റ സെപ്തംബര്‍ ഏഴുമുതല്‍ 15 വരെ എവിടെയായിരുന്നെന്നും പി.സി ജോര്‍ജ് ചോദിച്ചു.

OTHER SECTIONS