പെരിങ്ങമല മാലിന്യപ്ലാന്റ്: നാട്ടുകാരുടെ ആശങ്കയകറ്റാന്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് സ്ഥലം സന്ദര്‍ശിക്കും

By Anju N P.16 12 2018

imran-azhar
തിരുവനന്തപുരം: പെരിങ്ങമലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനെക്കുറിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്കയകറ്റാന്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കും. ജില്ലാ കളക്ടറുടെ ചേമ്പറില്‍ വിളിച്ചുച്ചേര്‍ത്ത പ്ലാന്റുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയും കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. പ്ലാന്റ് മൂലം യാതൊരു വിധ പാരിസ്ഥിതിക പ്രശ്‌നവുമുണ്ടാകില്ലെന്ന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഏജന്‍സിയായ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. 
 
 
ചിറ്റാര്‍ നദിയെയും അതിലെ കുടിവെള്ള പദ്ധതികളെയും മാലിന്യപ്ലാന്റ് ദോഷകരമായി ബാധിക്കുമെന്നതായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന പ്രധാന ആശങ്ക. വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ചിറ്റാര്‍ നദിയിലെ ജലത്തെയോ അതിലെ കുടിവെള്ള പദ്ധതികളെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാന്റിലെ ട്രീറ്റ്‌മെന്റ് വിഭാഗം പൂര്‍ണമായും ആവരണം ചെയ്തതായിരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങളോ ഉപോത്പന്നങ്ങളോ പരിസ്ഥിതിയിലേക്ക് തള്ളപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നല്ലവണ്ണം പൊതിഞ്ഞു സംരക്ഷിച്ചാണ് പദ്ധതി പ്രദേശത്തേക്ക് എത്തിക്കുക. അതിനാല്‍ തന്നെ മാലിന്യം കൊണ്ടുപോകുന്ന വഴിയില്‍ ചോര്‍ച്ച മൂലമുള്ള ദുര്‍ഗന്ധം ഉണ്ടാകാനോ ജലസ്രോതസ്സുകള്‍ മലിനമാകാനോ ഇടയില്ല. മാത്രവുമല്ല, മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് സൂക്ഷിക്കുകയുമില്ലെന്നും അധികൃതര്‍ പറഞ്ഞു. 
 
 
പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട പരിസ്ഥിതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആവശ്യമായ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. പദ്ധതി നടത്തിപ്പില്‍ സര്‍ക്കാരും കെഎസ്‌ഐഡിസിയും പൂര്‍ണ സുതാര്യത നിലനിര്‍ത്തുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന സംശയങ്ങളും ആശങ്കകളും സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു. പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സമീപ ജില്ലകളില്‍ നിന്നുള്ള മാലിന്യങ്ങളും ഈ പ്ലാന്റിലേക്ക് എത്തിക്കുമെന്ന പ്രചാരണം അധികൃതര്‍ തള്ളിക്കളഞ്ഞു. തിരുവനന്തപുരം നഗരസഭ, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പെരിങ്ങമല ഗ്രാമപഞ്ചായത്തിന്റെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ മാത്രമാണ് ഈ പ്ലാന്റില്‍ സംസ്‌കരിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. 
 
ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, പ്രോജക്ട് ഡയറക്ടര്‍ പി.സി. ഹരികേഷ്, കെഎസ്‌ഐഡിസി ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി, ആറ്റിങ്ങല്‍ നഗരസഭ സെക്രട്ടറി, നെടുമങ്ങാട് നഗരസഭ സെക്രട്ടറി, നെടുമങ്ങാട് താഹ്‌സില്‍ദാര്‍, പെരിങ്ങമല വില്ലേജ് ഓഫീസര്‍, പെരിങ്ങമല സമരസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

OTHER SECTIONS