ബാഗ്ദാദിയുടെ താവളത്തിലെ സൈനിക നടപടി; ചിത്രങ്ങളും വീഡിയോയും പുറത്ത്

By mathew.31 10 2019

imran-azhar

 


വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് മുമ്പായി യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്. പെന്റഗണ്‍ ആണ് ഇത് പുറത്തുവിട്ടത്. വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യുഎസ് സൈനിക സംഘം നടന്ന് എത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇദ്ലിബ് പ്രവിശ്യയിലുള്ള ഈ കെട്ടിടത്തിലേക്ക് യുഎസ് സൈന്യത്തെ എത്തിച്ച ഹെലികോപ്റ്ററിന് നേരെ അജ്ഞാതര്‍ വെടിവെയ്ക്കുന്നതും ഹെലികോപ്റ്ററില്‍ നിന്ന് തിരിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

റെയ്ഡിന് ശേഷം ഈ കെട്ടിടവും കോമ്പൗണ്ടും യുഎസ് സൈന്യം തകര്‍ത്തു. അതിനുശേഷം അവിടെ വലിയ ഗര്‍ത്തമായി കാണപ്പെട്ടുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡറായ ജനറല്‍ കെന്നത് മക്കന്‍സി അറിയിച്ചു.

സൈന്യം പെട്ടെന്ന് എത്തിയപ്പോള്‍ ബാഗ്ദാദി രക്ഷപ്പെടാനാവാതെ ഒരു തുരങ്കത്തിലൂടെ അലറിവിളിച്ച് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നുവെന്നും ദേഹത്ത് കെട്ടിവെച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ചുവെന്നും ഇയാളുടെ രണ്ട് ഭാര്യമാരും മക്കളും കൊല്ലപ്പെട്ടതായും അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം കെന്നത് മെക്കന്‍സിയും ആവര്‍ത്തിച്ചു.

ബാഗ്ദാദിയെയും മക്കളെയും കൂടാതെ ആ കോമ്പൗണ്ടിലുണ്ടായിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടതായും മെക്കന്‍സി കൂട്ടിച്ചേര്‍ത്തു. ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സ്ത്രീകള്‍ പെരുമാറിയതെന്നും ഇവരും സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററില്‍ നിന്നുള്ള വെടിവെയ്പ്പില്‍ കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന അജ്ഞാതരും കൊല്ലപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



 

OTHER SECTIONS