പൗരത്വ ഭേദഗതി നിയമം മതേതര ഇന്ത്യയെ കശാപ്പ് ചെയ്യുന്നു; മുഖ്യമന്ത്രി

By mathew.15 12 2019

imran-azhar

 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടര്‍ത്തിയും ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയും രംഗത്തിറങ്ങിയ ഫാഷിസ്റ്റ് പാരമ്പര്യം തുടരാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ വിനാശ അജന്‍ഡയ്‌ക്കെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദമാണ് തിങ്കളാഴ്ചത്തെ സംയുക്ത സത്യഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വപ്പട്ടിക പുതുക്കുകയാണ് ബില്ലിന്റെ രാഷ്ട്രീയ ഉദ്ദേശമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി സൂചിപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാന്നിധ്യം കുറയ്ക്കുയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നീക്കങ്ങള്‍. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ലെന്നും ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാന്‍മറിലെ രോഹിങ്ക്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു.


മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നുവെന്ന ഉത്കണ്ഠയാണ് കേരളം ലോകത്തോട് പങ്കുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളില്‍ സൃഷ്ടിക്കുന്നതെന്നും അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധ പ്രകടനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിഒല്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സത്യാഗ്രഹം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS