തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ വിരുദ്ധ തരംഗമല്ല: പി.ജയരാജൻ

By Anil.24 05 2019

imran-azhar

 

കേരളത്തിലെ ഈ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ വിരുദ്ധ തരംഗമായി കണക്കാക്കാൻ പറ്റില്ലെന്ന് വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.ജയരാജൻ. മോഡി ഭരണം മതന്യുനപക്ഷങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ഈ സ്ഥിതിവിശേഷം മുതലെടുത്തുകൊണ്ടാണ് യുഡിഎഫ് കേരളത്തിൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനോട് 84663 വോട്ടിനാണ് പരാജയപ്പെട്ടതിനുശേഷം ഫേസ്ബുക്കിലൂടെയാണ്‌ അദ്ദേഹം പ്രതികരിച്ചത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

 

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ പ്രവർത്തകന്മാർക്കും എൽഡിഎഫിന് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു. ദേശീയതലത്തിൽ ബിജെപി ഭരണം ഉണ്ടാക്കിയ ആപത്കരമായ സ്ഥിതിവിശേഷം മതന്യുനപക്ഷങ്ങളിൽ സൃഷ്‌ടിച്ച ഭയപ്പാട് മുതലെടുത്ത് കൊണ്ടാണ് യുഡിഎഫ് ഈ വിജയം നേടിയിട്ടുള്ളത്. എന്നാൽ ബിജെപിയുടെ വിപത്ത് തടയാൻ കോൺഗ്രസ്സിന് ആവില്ലെന്ന വസ്തുത തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ എൽഡിഎഫ് ചൂണ്ടിക്കാണിച്ചതാണ്.ഇക്കാര്യം പലർക്കും ഉൾക്കൊള്ളാൻ ആയില്ലെന്നതാണ് ഫലം കാണിക്കുന്നത്. കേരളത്തിലെ ഈ തെരഞ്ഞെടുപ്പ് ഫലം മോഡി വിരുദ്ധ തരംഗമാണ്. ഒരിക്കലും ഇടതുപക്ഷ വിരുദ്ധ തരംഗമായി കണക്കാക്കാൻ പറ്റില്ല. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സംഘടിതമായി കോൺഗ്രസ്സിനെ ഉയർത്തിക്കാണിക്കാൻ നടത്തിയ ശ്രമം , ദേശീയതലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടർന്ന് ,ഇതൊരു കബളിപ്പിക്കലായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. അതിനാൽ ജനങ്ങൾക്കിടയിൽ എൽഡിഎഫിനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന ബോധ്യം ഉണ്ടാക്കിയെടുക്കാൻ ക്ഷമാപൂർവ്വമായ പ്രവർത്തനം തുടർന്നും നടത്തണം. കാരണം മോഡി ഭരണത്തിനെതിരായ യഥാർത്ഥ ബദലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. അതിനാൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു പ്രവർത്തിക്കാനും വ്യാമോഹത്തിൽ അകപ്പെട്ട ജനവിഭാഗങ്ങളെ ബോധവൽക്കരിക്കാനും നിരാശരാവാതെ പ്രവർത്തിക്കാനും എല്ലാ എൽഡിഎഫ് പ്രവർത്തകന്മാരോടും അഭ്യർത്ഥിക്കുന്നു.

OTHER SECTIONS