വരുന്നു സ്‌കൂളുകളില്‍ ആര്‍ത്തവ ശുചിത്വ പദ്ധതി

By online desk.22 07 2019

imran-azhar

 


സ്ത്രീശാക്തീകരണത്തില്‍ പുതിയ അധ്യായം രചിച്ച് കേരള വനിതാ വികസന കോര്‍പ്പറേഷന്‍. ആര്‍ത്തവത്തെപ്പറ്റി പെണ്‍കുട്ടികളില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തുന്ന ബോധവത്കരണ ക്ലാസ് 251 സ്‌കൂളുകള്‍ പിന്നിട്ടു. ഇതിന്റെ ഭാഗമായി ആര്‍ത്തവ ശുചിത്വ പദ്ധതി എന്ന പുതിയൊരു പരിപാടിക്കും കോര്‍പ്പറേഷന്‍ രൂപം നല്‍കി. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.സ്‌കൂള്‍ കുട്ടികളുമായി ആശയവിനിമയം നടത്തുകയാണ് ആര്‍ത്തവ ശുചിത്വ പദ്ധതിയുടെ ലക്ഷ്യം. ആര്‍ത്തവ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സൗജന്യ നാപ്കിനുകള്‍ ലഭ്യമാക്കാനും ഉപയോഗിച്ച ശേഷം ശരിയായ രീതിയില്‍ അവ ഡിസ്‌പോസ് ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി നാപ്കിനുകള്‍ കത്തിച്ചുകളയാനുള്ള ഇന്‍സിനേറ്ററുകളും നാപ്കിനുകള്‍ സൂക്ഷിക്കുന്നതിനുള്ള കബോര്‍ഡുകളും വെന്‍ഡിംഗ് മെഷിനുകളും സ്‌കൂളുകളില്‍ സ്ഥാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ആര്‍ത്തവ ശുചിത്വ പദ്ധതി നടപ്പിലാക്കുമെന്ന് കേരള വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി. ഗീനാകുമാരി പറഞ്ഞു.പദ്ധതിക്കു വേണ്ട സാങ്കേതിക സഹായം നല്‍കുന്നത് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആണ്. സംസ്ഥാനത്തെ 1200 സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കബോര്‍ഡുകളുടെ സംരക്ഷണ ചുമതല അധ്യാപകര്‍ക്കാണ്. നാപ്കിനുകള്‍ ഉപയോഗ ശേഷം വെന്‍ഡിംഗ് മെഷിന്‍ ഉപയോഗിച്ച് ഡിസ്‌പോസ് ചെയ്യുന്നതിനെപ്പറ്റിയുള്ള അറിവ് കുട്ടികള്‍ക്കില്ലാത്തതിനാല്‍ എല്ലാ ക്ലാസ് മുറികളിലും കബോര്‍ഡുകള്‍ സ്ഥാപിക്കും.നേരത്തെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഗുണമേ•-യുള്ള സാനിട്ടറി നാപ്കിനുകള്‍ ലഭ്യമാക്കുന്നതിനും അവ ഡിസ്‌പോസ് ചെയ്യാനുള്ള ഇന്‍സിനേറ്ററുകളും വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കുന്നതിനുമായി ഷീ പാഡ് പദ്ധതി കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കിയത്. പിന്നീട് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

 

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് കേരള വനിതാ വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അവയിലൊന്നാണ് ഷീ ടോയ്‌ലറ്റ് പദ്ധതി. സ്ംസ്ഥാന വ്യാപകമായി 58 ടോയ്‌ലറ്റുകളാണ് സ്ഥാപിച്ചത്. സുരക്ഷിതവും വൃത്തിയുള്ളതും അനായാസേന ഉപയോഗിക്കാനും കഴിയുന്ന ഷീ ടോയ്‌ലറ്റുകളില്‍ ഇന്‍സിനേറ്ററുകളും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും സജ്ജീകരിച്ചു.

OTHER SECTIONS