പ്ലസ് ടു ഫലം ; കെമിസ്ട്രി വിഷയത്തില്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

By Ameena Shirin s.23 06 2022

imran-azhar

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ കെമിസ്ട്രി വിഷയത്തില്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 52 ശതമാനം പേരാണ് കെമിസ്ട്രി പരീക്ഷയ്ക്ക് എ പ്ലസിനു താഴെ മാര്‍ക്ക് വാങ്ങിയത്.

 

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ 40 ശതമാനത്തിലധികമാണ് ഇത്തവണ കുറവുണ്ടായിരിക്കുന്നത്.

 

കെമിസ്ട്രി ചോദ്യപ്പെപ്പറും മൂല്യനിര്‍ണയത്തിന് ഉപയോഗിക്കുന്ന ഉത്തരസൂചികയുമായും ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെമിസ്ട്രി വിഷയത്തില്‍ എ പ്ലസ് നേടിയവരുടെ കുറവ് ഏറെ പ്രകടമാണ്.

 

കഴിഞ്ഞ വർഷത്തെ കെമിസ്ട്രി പരീക്ഷയില്‍ തോറ്റത് 12135 പേരായിരുന്നു. ഇത്തവണ അത് 19705 പേരായി ഉയര്‍ന്നു. ഫിസിക്സ്, ബയോളജി തുടങ്ങിയ മറ്റ് സയന്‍സ് വിഷയങ്ങള്‍ എ+ ഗ്രേഡുകളുടെ എണ്ണത്തിലോ പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലോ കാര്യമായ വ്യത്യാസം കാണിച്ചില്ല.

 

ഈ വര്‍ഷം, മറ്റെല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ രസതന്ത്രത്തില്‍ എ ഗ്രേഡ് കൊണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് തൃപ്തരാകേണ്ടി വന്നു.

 

മൂല്യനിര്‍ണയ ക്യാമ്പില്‍ നല്‍കിയ ഉത്തരസൂചികയിലെ പൊരുത്തക്കേടുകള്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് കെമിസ്ട്രി ചോദ്യപേപ്പര്‍ വിവാദമായത്.

 

സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പില്‍ സീനിയര്‍ അധ്യാപകരുടെ അഭിപ്രായം ചോദിക്കുന്നതിനു പകരം ചോദ്യകര്‍ത്താവ് തന്നെ തയ്യാറാക്കിയ ഉത്തരസൂചികയാണ് ഉപയോഗിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.

 

മാറ്റം വരുത്താത്ത ഉത്തരസൂചിക നിലനിര്‍ത്തിയാല്‍ ഒരു വിദ്യാര്‍ഥിക്ക് 18 മാര്‍ക്ക് വരെ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം അധ്യാപകരും മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ചിരുന്നു.

 

സമരക്കാര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത് അധ്യാപകരുടെ എതിര്‍പ്പ് ശക്തമാക്കി. അധ്യാപകരുടെ 'വിദഗ്ധ സമിതി'യുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കിയ അന്തിമ ഉത്തരസൂചികയും കര്‍ശനമായ മൂല്യനിര്‍ണ്ണയ പദ്ധതി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

 

കടുപ്പമേറിയ ചോദ്യപേപ്പര്‍, പരിമിതമായ ഫോക്കസ് ഏരിയ ഭാഗങ്ങള്‍, മൂല്യനിര്‍ണയത്തില്‍ അനാവശ്യ ഇളവ് കാണിക്കരുതെന്ന കര്‍ശന നിര്‍ദേശങ്ങള്‍ എന്നിവയാണ് കെമിസ്ട്രി വിഷയത്തില്‍ മാര്‍ക്കുകള്‍ കുറയാന്‍ കാരണമെന്ന് പൊതുവെ അഭിപ്രായം ഉയരുന്നുണ്ട്.

 

സംസ്ഥാന ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് അനാവശ്യമായി മാര്‍ക്ക് നല്‍കുന്നുവെന്ന കഴിഞ്ഞ വര്‍ഷത്തെ ആരോപണം, ഈ വര്‍ഷം പിന്തുടരുന്ന കര്‍ശനമായ മൂല്യനിര്‍ണ്ണയത്തില്‍ സ്വാധീനം ചെലുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

എന്‍ജിനീയറിങ് പ്രവേശന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് കെമിസ്ട്രി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ മാര്‍ക്ക് കണക്കിലെടുക്കും. അതിനാല്‍, കുറഞ്ഞ മാര്‍ക്ക് നേടിയ സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികളുടെ സാധ്യതകളെ ബാധിക്കും. ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന സമയത്തും ഇത് സ്വാധീനം ചെലുത്തുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

 

കെമിസ്ട്രിയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത മാസം നടക്കുന്ന ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ പരീക്ഷിക്കുക എന്നതാണ് മുന്നിലുള്ള ഓപ്ഷന്‍.

 

 

OTHER SECTIONS