കർഷകർക്ക് കൈത്താങ്ങായി കേന്ദ്രം ; ഒരു ലക്ഷം കോടിയുടെ ധനസഹായം

By online desk .09 08 2020

imran-azhar

 


ന്യൂഡല്‍ഹി: വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസം നൽകി കേന്ദ്രം.കർഷകർക്കായി ഒരു ലക്ഷം കോടി രൂപ വായ്പ നല്‍കുന്ന ധനസഹായ പദ്ധതിയ്ക്ക് നരേന്ദ്ര മോദി തുടക്കം കുറിച്ചു. അഗ്രികൾച്ചർ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് കീഴിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

 

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആറാം ഗഡുവായി 17100 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട് 8.55 കോടിയിലധികം കര്‍ഷകരാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍. വിളവെടുപ്പാനന്തര കാര്‍ഷികാവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.


കാര്‍ഷികോല്പന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു പറഞ്ഞു. പിഎം-കിസാന്‍ പദ്ധതി പ്രകാരം ഓരോ കര്‍ഷകനും പ്രതിവര്‍ഷം 6000 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

 

ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. ശീതീകരണ സംഭരണികള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാര്‍ഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ പണം സഹായകരമാകും. കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനും ഇത് വഴി സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

OTHER SECTIONS