പൗരത്വ നിയമ ഭേദഗതി സമരo; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അധിക്ഷേപിച്ച ബിജെപി നേതാവിനെതിരെ കേസ്

By online desk.15 01 2020

imran-azhar

 

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അധിക്ഷേപിച്ച ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അസം, കര്‍ണാടക, യുപി എന്നിവിടങ്ങളിലെ ചെകുത്താന്മാരെ നമ്മുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ച് കൊലപ്പെടുത്തി'യെന്ന ദിലിപ് ഘോഷിന്‍റെ പരാമര്‍ശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ദിലിപ് ഘോഷിനെതിരെ പരാതി നല്‍കിയത്.

 

മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ബിജെപി നേതാവ് ശ്രമിച്ചെന്നും ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് പരാതി. ബംഗാളില്‍ ഇപ്പോള്‍ വന്ദേ മാതരത്തിനും ജയ് ഹിന്ദിനും പകരം പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നതെന്നും ബംഗാൾ ദേശദ്രോഹികളുടെ കേന്ദ്രമായെന്നും അദ്ദേഹം വിമര്‍ശിച്ചു. ദിലിപ് ഘോഷിന്‍റെ പരാമര്‍ശത്തെ തുടര്‍ന്ന് ബംഗാളിലെ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ അദ്ദേഹത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

 


എന്നാൽ തനിക്കെതിരെ ഒരുമാസം ഡസന്‍ കണക്കിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നും ഇതും അത്തരത്തിലൊന്നായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്നുമാണ് സംഭവത്തിൽ ദിലിപ് ഘോഷിൻറെ പ്രതികരണം. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി ദിലിപ് ഘോഷ് വ്യക്തമാക്കി. ദിലിപ് ഘോഷിന്‍റെ പ്രസംഗ വീഡിയോ പരിശോധിക്കുകയാണ്. അതിന് ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് റാണാഘട്ട് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

 

OTHER SECTIONS