പൗരത്വ പ്രക്ഷോഭം; ജാമിയ മിലിയ സര്‍വകലാശാലയുടെ കവാടം പൊലീസ് അടച്ചു

By mathew.15 12 2019

imran-azhar

 

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാല കാമ്പസിന്റെ കവാടം പൊലീസ് അടച്ചു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നാണ് പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ച് കവാടം അടച്ചത്. പുറത്തു നിന്നുള്ള ചിലര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ അഭയം തേടുന്നത് തടയാനാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

 

നൂറുക്കണക്കിന് പൊലീസുകാര്‍ കാമ്പസിനകത്ത് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. കാമ്പസിനകത്തേയ്ക്ക് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കാമ്പസില്‍ പ്രവേശിക്കുകയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും ചെയ്തതെന്നും ജാമിയ മിലിയ സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

പ്രതിഷേധത്തിനിടയില്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വിദ്യാര്‍ഥികളല്ലാത്ത ചിലര്‍ കാമ്പസിനുള്ളില്‍ കടക്കാന്‍ ഈ ദിശയില്‍ നീങ്ങിയതായി പൊലീസ് പറയുന്നു. ഇവരെ തടയുന്നതിനാണ് കാമ്പസ് കവാടം അടച്ചതെന്ന് പൊലീസ് പറയുന്നു.

 

വൈകിട്ട് നാല് മണിയോടെയാണ് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്.

 

OTHER SECTIONS