സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ 2370 പൊലീസ് ട്രെയിനികളും ഓണ്‍ലൈന്‍ പഠനത്തില്‍

By Online Desk.09 07 2020

imran-azhar

 

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനം മുടങ്ങാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ആദ്യമായി നടപ്പാക്കിയത്. എന്നാല്‍ കുട്ടികള്‍ക്കു മാത്രമല്ല പൊലീസുകാര്‍ക്കും ആ പദ്ധതി ഉപകാരപ്രദമാവുകയാണ്. സംസ്ഥാനത്തെ 2370 പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനികളും ഓണ്‍ലൈന്‍ പഠനത്തില്‍. ഏതാനും ദിവസങ്ങളായി സ്വന്തം വീടുകളില്‍ ക്വാറന്റീനിലാണു പഠനം. 15 മുതല്‍ ബറ്റാലിയനുകളില്‍ പരിശീലനം പുനഃരാരംഭിക്കുന്നതിനാല്‍, സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചതു പ്രകാരം ഈ മാസം 4നാണു ക്വാറന്റീന്‍ ആരംഭിച്ചത്. പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു സംബന്ധിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ മാര്‍ഗനിര്‍ദേശപ്രകാരമാണു ക്വാറന്റീന്‍.

 

പൊലീസ് നിയമം, പൊലീസിന്റെ ചുമതലകള്‍, ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണു വിവിധ മൊബൈല്‍ ആപുകള്‍ വഴി പകല്‍ 8 മുതല്‍ 5 വരെ നിശ്ചിത സമയത്തെ ക്ലാസ്. കേരള പൊലീസ് അക്കാദമിയിലെയും പുറമേയുമുള്ള വിദഗ്ധരാണ് അധ്യാപകര്‍. ഈ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷയും ഇക്കാലത്തു നടത്തി. ക്വാറന്റീന്‍ കാലത്ത് ശാരീരികക്ഷമത നിലനിര്‍ത്താന്‍ കോഴ്‌സിന്റെ തുടക്കത്തില്‍ പഠിച്ച യോഗയും ശാരീരിക അഭ്യാസമുറകളും (പിടി) പരിശീലിക്കാനും ട്രെയിനികള്‍ക്കു നിര്‍ദേശമുണ്ട്.

 

ഇടവിട്ട ദിവസങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ഇത് ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പാക്കാനാണു നിര്‍ദേശം. ആയുധങ്ങള്‍ ഉപയോഗിക്കാത്ത ഡ്രില്‍ ഉള്‍പ്പെടെ കൂടുതല്‍ ഔട്ട്‌ഡോര്‍ പഠനം ഓണ്‍ലൈനായി നടത്താന്‍ തലപ്പത്ത് ആലോചന നടന്നുവെങ്കിലും പ്രായോഗികമല്ലെന്നു കണ്ട് ഉപേക്ഷിച്ചു. അക്കാദമിയിലും വിവിധ ബറ്റാലിയനുകളിലുമായി ഫെബ്രുവരി 17നു പരിശീലനം ആരംഭിച്ച ട്രെയിനികളെ ലോക്ഡൗണ്‍ തുടങ്ങിയതിനു പിന്നാലെ മാര്‍ച്ച് 28ന് അവരവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുകളിലേക്കു ജനമൈത്രി വൊളന്റിയര്‍മാരായി നിയോഗിച്ചിരുന്നു.


ഇക്കാലത്ത് ഓണ്‍ലൈന്‍ തിയറി ക്ലാസുകള്‍ നടന്നെങ്കിലും ശാരീരിക പരിശീലനം മുടങ്ങി. അതാതു സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ (എസ്എച്ച്ഒ) മേല്‍നോട്ടത്തില്‍ 'അറ്റന്‍ഷന്‍' 'സ്റ്റാന്‍ഡ് അറ്റ് ഈസ്', സല്യൂട്ട് തുടങ്ങിയവയുടെ പരിശീലനം ചിലയിടങ്ങളില്‍ നടന്നുവെങ്കിലും പല എസ്എച്ച്ഒമാരും കോവിഡ് കാലത്തെ ജോലിത്തിരക്കിലായതിനാല്‍ കാര്യമായി ശ്രദ്ധിക്കാനായില്ല. 15 മുതല്‍ പരിശീലനം പുനരാരംഭിക്കുമ്പോള്‍ ഡ്രില്ലും പിടിയും വീണ്ടും തുടങ്ങും.

 

എങ്കിലും ക്വാറന്റീന്‍കാലത്ത് ശാരീരികക്ഷമത ഉറപ്പാക്കാനാണ് പിടിയും യോഗയും ചെയ്ത് ഓണ്‍ലൈനായി പരിശോധിക്കാനുള്ള നിര്‍ദേശം. 9 മാസം നീളുന്ന പരിശീലനം നവംബര്‍ 1ന് പൂര്‍ത്തിയാകേണ്ടതാണെങ്കിലും കോവിഡ് കാലത്തു ഔട്ട്‌ഡോര്‍ പഠനം മുടങ്ങിയതിനാല്‍ സിലബസ് മുഴുവന്‍ പഠിപ്പിച്ചു തീര്‍ക്കാനാവുമോയെന്ന് അധികൃതര്‍ക്കു സംശയമുണ്ട്. സ്‌കൂളുകളിലേതു പോലെ സിലബസ് വെട്ടിച്ചുരുക്കാനുമാകില്ല. ഇതിനിടെ ഇവരുടെ പിടി യൂണിഫോം കാക്കി ട്രൗസറും വെള്ള ബനിയനും എന്നതു 2 തവണ പരിഷ്‌കരിച്ചു കഴിഞ്ഞു. പരിശീലനം പുനരാരംഭിക്കുമ്പോള്‍ ഏത് പിടി യൂണിഫോമായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

 

തൃശൂരിലെ കേരള പൊലീസ് അക്കാദമി, ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിങ് സെന്റര്‍, കെഎപി 2 (പാലക്കാട്), കെഎപി 3 (പത്തനംതിട്ട), കെഎപി 4 (കണ്ണൂര്‍) എന്നവിടങ്ങള്‍ക്കു പുറമേ ചില എആര്‍ ക്യാംപുകള്‍ കൂടി പരിശീലനകേന്ദ്രങ്ങളാക്കി മാറ്റിയേക്കും. സാമൂഹിക അകലം ഉറപ്പാക്കി റിക്രൂട്ടുകളെ പാര്‍പ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയാണിത്.

 

 

 

 

OTHER SECTIONS