യോഗി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടു; പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു

By mathew.16 06 2019

imran-azhar


ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ജോലി നഷ്ടമായി. സംസ്ഥാന സായുധ സേനയിലെ പോലീസ് കോണ്‍സ്റ്റബിളായ മുനീഷ് യാദവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

പോലീസ് യൂണിഫോമിനൊപ്പം ചുവന്ന സമാജ്വാദി പാര്‍ട്ടി തൊപ്പിയണിഞ്ഞ് ശനിയാഴ്ച രാവിലെ ഇയാള്‍ ജില്ലാ കളക്ട്രേറ്റില്‍ എത്തിയിരുന്നു. യോഗി സര്‍ക്കാരിനെ പിരിച്ചുവിടുക എന്ന ബോര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. യോഗി സര്‍ക്കാര്‍ ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അതിനാല്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ഇയാള്‍ മാധ്യമങ്ങളോടും പ്രതികരിച്ചു.

ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റ് മുഖേനെ സംസ്ഥാന ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനാണ് താന്‍ എത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍, അങ്ങനൊരാള്‍ തന്റെ അടുത്ത് എത്തിയിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ജെ.ബി സിങ് വ്യക്തമാക്കി. ഇറ്റാവ സ്വദേശിയായ മുനീഷ് നോയിഡയിലാണ് ജോലി ചെയ്യുന്നത്.

അച്ചടക്കലംഘനം നടത്തിയതിനാണ് ഇയാളെ പിരിച്ചുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

 

OTHER SECTIONS