പരോള്‍ കിട്ടി; പോകാനാകാതെ തടവുകാര്‍

By എ.എസ്. അജയ്‌ദേവ് .03 04 2020

imran-azhar

 


തിരുവനന്തപുരം: കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ പരോള്‍ അനുവദിച്ചിട്ടും പോകാനാകാതെ തടവുകാര്‍. വീടുകളിലെത്താന്‍ വാഹന സൗകര്യമില്ലാത്തതാണ് കാരണം. അതേസമയം, കൂട്ടിക്കൊണ്ടു പോകാന്‍ വന്നാല്‍ തടുവാരെ അവരോടൊപ്പം വിടുന്നുണ്ട്. ബുധനാഴ്ച മുതലാണ് പരോള്‍ അനുവദിച്ചവരെ ജയിലില്‍ നിന്നും വിട്ടു തുടങ്ങിയത്. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും 1,338 തടവുകാര്‍ക്കാണ് കോടതി നിര്‍ദ്ദേശ പ്രകാരം പരോള്‍ അനുവദിച്ചിരുന്നത്. 852 ശിക്ഷാതടവുകാര്‍ക്കും 486 വിചാരണ തടവുകാര്‍ക്കുമാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ എല്ലാ ജയില്‍ സൂപ്രണ്ട്മാരോടും അതത് ജയിലുകളില്‍ പരോളിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ലിസ്റ്റില്‍ അനര്‍ഹരെ ഒഴിവാക്കിയാണ് പരോള്‍ തടവുകാരുടെ അന്തിമ പട്ടിക തയ്യറാക്കിയത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ പരോള്‍ അനുവദിക്കുകയായിരുന്നു. പ്രശ്‌നക്കാരല്ലാത്ത തടവുകാര്‍ക്കാണ് പരോള്‍ അനുവദിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 101 പേരും നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് 321 പേരും ചീമേനിയില്‍ നിന്ന് 151പേരും വിയ്യൂരില്‍ നിന്ന് 79 പേരും കണ്ണൂരില്‍നിന്ന് 75 പേരും പരോളില്‍ പോയി. മറ്റുള്ളവര്‍ ജില്ലാ ജയിലുകളില്‍ നിന്നും വനിതാ ജയിലുകളില്‍നിന്നുമാണ് പരോളില്‍ പോയത്. കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ ശിക്ഷാ തടവുകാരുടെ പരോള്‍ കാലാവധി 15 ദിവസത്തില്‍ നിന്ന് 60 ദിവസമായി ഉയര്‍ത്തി. ബുധനാഴ്ച വൈകിട്ടുവരെ 486 പേര്‍ ജാമ്യത്തിലിറങ്ങി.
ശിക്ഷ അനുഭവിക്കുന്ന തടവുകാരില്‍ 105പേരെ ലോക്ഡൗണിനു മുന്‍പ് പരോളില്‍ വിട്ടിരുന്നു. അവരുടെ പരോള്‍ കാലാവധി നീട്ടിയിട്ടുണ്ട്. ഈമാസം 16ന് മടങ്ങി എത്തിയാല്‍ മതിയെന്നാണ് ജയില്‍ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം 747പേരെ പരോളില്‍ വിട്ടിരുന്നു. ശിക്ഷാതടവുകാര്‍ക്ക് സാധാരണ പരോളും വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യവുമാണ് അനുവദിച്ചിരിക്കുന്നത്. വിചാരണത്തടവുകാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 30 അല്ലെങ്കില്‍ ലോക്ഡൗണ്‍ തീരുന്ന തീയതി ഏതാണോ ആദ്യം അതുവരെ ജാമ്യം. ഏഴുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍പ്പെട്ടു ജയിലുകളില്‍ കഴിയുന്നവര്‍ക്കാണ് ജാമ്യത്തിന് അര്‍ഹത. ജാമ്യത്തിലിറങ്ങുന്ന പ്രതികള്‍ ലോക്ഡൗണ്‍ പാലിച്ച് വീടുകളില്‍ കഴിയണം. സ്ഥിരം കുറ്റവാളികളെയും ഒന്നിലേറെ കേസുകളില്‍പ്പെട്ടവരെയും ജാമ്യത്തിനായി പരിഗണിച്ചില്ല. 486പേര്‍ ജാമ്യത്തിലിറങ്ങിയ വിവരം പൊലീസ് സ്റ്റേഷനുകളിലും കോടതിയിലും അറിയിച്ചു. ലോക്ഡൗണ്‍ നീണ്ടാല്‍ ജാമ്യം തുടരും. കാലാവധി തീരുമ്പോള്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടണം. വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാല്‍ പൊലീസിന് അറസ്റ്റു ചെയ്യാം.

OTHER SECTIONS