സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ആലപ്പുഴയിലും കോഴിക്കോടും വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

By priya.23 09 2022

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. ആലപ്പുഴയിലും കോഴിക്കോടും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട്ട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

 

രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. കരുതല്‍ തടങ്കലിനും നിര്‍ദേശം നല്‍കി.

 

റേഞ്ച് ഡിഐജിമാര്‍ക്കാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നല്‍കിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപകമായി എന്‍ഐഎ, എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.


പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്ന് കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് പിഎസ്സിയും കുസാറ്റും അറിയിച്ചു.

 

 

OTHER SECTIONS