യുഎസ് നിക്ഷേപകര്‍ക്ക് ഇന്ത്യയോട് അനുകൂല സമീപനം-ജെയ്റ്റ്ലി

By Anju N P.13 Oct, 2017

imran-azhar

 


വാഷിംങ്ടണ്‍: അമേരിക്കന്‍ നിക്ഷേപകര്‍ക്ക് രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെ കുറിച്ചും അവയുടെ സാധ്യതകളെ വ്യക്തമായ ധാരണ ഉണ്ടെന്ന് ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ക്ക് ഇന്ത്യയോട് അനുകൂല സമീപനമാണുള്ളതെന്ന് വാഷിങ്ടണില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച പരിപാടിയില്‍ ജെയ്റ്റ്ലി പറഞ്ഞു.

 

സമ്പദ് വ്യവസ്ഥയുടെ വികസനത്തിനു വേണ്ടി ഇന്ത്യ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളെ കുറിച്ച് യുഎസ് നിക്ഷേപകര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇവ ഭാവിയില്‍ ഉണ്ടാക്കുന്ന വലിയ സാമ്പത്തിക മാറ്റങ്ങളെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും അവര്‍ക്കറിയാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎസിലെ നിരവധി നിക്ഷേപകരുമായി താന്‍ സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. അവര്‍ക്കിടയില്‍ ഇന്ത്യയെ കുറിച്ച് പോസിറ്റീവ് മൂഡ് ഉള്ളതായി തനിക്ക് അനുഭവപ്പെട്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു.

 


യുഎസിലെത്തിയ ജെയ്റ്റ്ലി യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിനുമായും കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര സാമ്പത്തിക ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉണ്ടായി.

 

ജി-20 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ധനവകുപ്പ് മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജെയ്റ്റ്ലി വാഷിംങ്ടണില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് സമ്മേളനം.ലോകബാങ്കിന്റേയും അന്താരാഷ്ട്ര നാണയനിധിയുടേയും വാര്‍ഷിക യോഗത്തിലും ജെയ്റ്റ്ലി പങ്കെടുക്കും. അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ധനമന്ത്രി ഞായാറാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തും

 

loading...