അയോധ്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ശക്തമായ സുരക്ഷയൊരുക്കി പൊലീസ്

By mathew.25 12 2019

imran-azhar

 


ന്യൂഡല്‍ഹി: അയോധ്യ നഗരത്തില്‍ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമമം നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. അയോധ്യയിലെ വിവിധയിടങ്ങളില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിവിധ സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

 

അയോധ്യയില്‍ നാല് മാസത്തിനുള്ളില്‍ ആകാശം മുട്ടെയുള്ള രാമക്ഷേത്രമുയരുമെന്ന അമിത് ഷായുടെ പ്രസ്താവന വന്ന് അധിക ദിവസങ്ങളാകും മുമ്പാണ് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

 

ടെലഗ്രാമിലൂടെയാണ് മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയത്. ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് ആഹ്വാനം. കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് നേപ്പാള്‍ അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ നിന്ന് ഏഴോളം ഭീകരര്‍ നുഴഞ്ഞു കയറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍, അയോധ്യ എന്നിവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

നുഴഞ്ഞു കയറിയ ഏഴുപേരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമദ്, മുഹമ്മദ് ഷഹ്ബാസ്, മുഹമ്മദ് ഖ്വൗമി ചൗധരി എന്നിവരാണ് ഇന്ത്യയിലെത്തിയത്. ഇവരുടെ പക്കല്‍ വലിയ ആയുധശേഖരമുണ്ടെന്നും പ്രാദേശിക സഹായം ഇവര്‍ക്ക് ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

OTHER SECTIONS