By Web Desk.19 01 2021
തിരുവനന്തപുരം : അടുത്തമാസം പകുതിയോടെ പ്രാവച്ചമ്പലം – കൊടിനട നാലുവരിപ്പാതയുടെ ഉദ്ഘാടനംനടക്കും. ഇരുവശത്തും വെള്ളി നിറം പൂശിയ കൈവരികളും നിരനിരയായ തെരുവുവിളക്കുകളും കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ഈ നാലുവരി പാത.
ഗുണനിലവാരവും സൗകര്യങ്ങളും കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായി മാറുകയാണ് കരമന - കളിയിക്കാവിള ദേശീയപാത രണ്ടാം റീച്ചായ ഈ റോഡ് .112 കോടി രൂപയുടെകരാറിൽ ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നാലുവരിപ്പാത നിർമിക്കുന്നത്.
230 വിളക്കുകൾ, 4 ഹൈമാസ്റ്റ്
രാത്രിയെപകലാക്കാൻ 8 മീറ്റർ ഉയരത്തിൽ ഇരുവശങ്ങളിലുമായി 230 എൽഇഡി തെരുവുവിളക്കുകൾ. പ്രാവച്ചമ്പലം, പള്ളിച്ചൽ, വെടിവച്ചാൻകോവിൽ, മുടവൂർപ്പാറ എന്നിവിടങ്ങളിലാണ് എൽഇഡി ഹൈമാസ്റ്റ്. എസ്റ്റിമേറ്റിൽ ഇല്ലാതിരുന്ന വിളക്കുകൾ കരാറുകാർ താൽപര്യമെടുത്താണ് പുതുക്കിയ എസ്റ്റിമേറ്റോടെ സ്ഥാപിക്കുന്നത്.
തടസ്സങ്ങളൊന്നുമില്ലാത്ത ഒന്നര മീറ്റർ വീതിയുള്ള നടപ്പാത. കാഴ്ചയില്ലാത്തവർക്കു നടന്നുപോകാൻ കഴിയുന്ന ‘ടാക്ടൈൽ ’. വശങ്ങളിൽ നിന്നു പരമാവധി സൈൻ ബോർഡുകൾ ഒഴിവാക്കി പകരം മീഡിയനിലാണ് സ്ഥാപിക്കുന്നത്. ആകെ 450 സൈൻ ബോർഡുകൾ. അപകടം ഒഴിവാക്കുന്നതിനായി വശങ്ങൾ വളച്ച് വെള്ളി നിറം പൂശിയ ഇരുമ്പു കൈവരികൾ.
വെളിച്ചമടിച്ചാൽ തിളങ്ങുന്ന റിഫ്ലെക്ടർ മീഡിയൻ മാർക്കർ വാഹനം തട്ടിയാലും തിരികെ നിവർന്നു പഴയനിലയിലാകും. പുതിയ പാതയിലെ വളവുകളിലെല്ലാം മീഡിയനുള്ളിൽ ജലം മറുവശത്തേയ്ക്കു ഒഴുകുന്നതിനു ചാലുകൾ നൽകിയിട്ടുണ്ട്. ചെമ്പകം, തെച്ചി, ഫൈക്കസ് പാണ്ട, ബോഗൻ വില്ല, അഡീനിയം തുടങ്ങിയ ചെടികളാണ് മീഡിയനിൽ. അപകടം ഒഴിവാക്കുന്നതിനായി ജംക്ഷനുകളിലല്ലാതെ ഒരിടത്തും ഇടറോഡുകളിലേയ്ക്കു കടക്കുന്നതിനായി മീഡിയൻ തുറന്നു കൊടുത്തിട്ടില്ല. നിർമാണം ആരംഭിച്ചു 2 വർഷമാകുമ്പോഴാണ് റോഡ് യാഥാർഥ്യമാകുന്നത്. കെഎസ്ഇബി, ബിഎസ്എൻഎൽ, ജല അതോറിറ്റി എന്നിവയുടെ പോസ്റ്റും കേബിളും പൈപ്പും മാറ്റൽ എന്നിവ പൂർത്തിയായി.