തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന് ആസിയാന്‍ ഉച്ചകോടി

By Anju N P.14 Nov, 2017

imran-azhar

 


തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി ആസിയാന്‍ ഉച്ചകോടി. കൂടുതല്‍ സ്വതന്ത്രരും കരുത്തരുമാകാനാണ് ആസിയാന്‍ രാജ്യങ്ങള്‍ ശ്രമിക്കേണ്ടതെന്ന് ഉച്ചകോടിക്കെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. അംഗരാജ്യങ്ങളിലെ തലവന്‍മാരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക രേഖപ്പെടുത്തി.

 

രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകളിലെ സഹകരണം ശക്തമാക്കണമെന്നാണ് ആസിയാന്‍ ഉച്ചകോടിക്കിടെ അംഗരാജ്യങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യം. മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ധാരണയിലുമെത്തി. സഹകരണം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ജപ്പാന്‍, ചൈന , ദക്ഷിണ കൊറിയ രാഷ്ട്ര തലവന്‍മാരും പ്രതീക്ഷ പ്രകടിപ്പിച്ചു.

 

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ആസിയാന്‍ രാജ്യങ്ങളോട് ട്രംപ് പിന്തുണ തേടുമെന്നാണ് സൂചന. ട്രംപിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഉച്ചകോടി നടക്കുന്ന ഫിലിപ്പൈന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

 

മ്യാന്‍മറിലെ റാഖെയ്‌നില്‍ തുടരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റാഖെയ്‌നിലെ പ്രശ്‌നം നേരിടാന്‍ മ്യാന്‍മര്‍ സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും വ്യക്തമാക്കി.

 

OTHER SECTIONS