ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പാര്‍ട്ടി, ബോറിസ് ജോണ്‍സണുമേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദം

By Avani Chandra.14 01 2022

imran-azhar

 

ലണ്ടന്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നൂറിലേറെപേരെ വെച്ച് പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദമേറുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മെര്‍, സ്‌കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവര്‍ ജോണ്‍സന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

 

ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിയതിന് ബുധനാഴ്ച ജനപ്രതിനിധി സഭയില്‍ അദ്ദേഹം മാപ്പുചോദിച്ചിരുന്നു. എന്നാല്‍, തെറ്റുചെയ്തിട്ടില്ലെന്നും മഹാമാരിക്കാലത്ത് കഠിന പ്രയത്‌നം നടത്തിയവര്‍ക്ക് നന്ദിയറിയിക്കാനാണ് പാര്‍ട്ടി നടത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

 

അതേസമയം, നിലവില്‍ മന്ത്രിമാരുടെ പൂര്‍ണ പിന്തുണ ജോണ്‍സണുണ്ട്. രാജിയാവശ്യപ്പെടുന്നവരോട് അന്വേഷണം പൂര്‍ത്തിയാവും വരെ കാത്തിരിക്കാനാണ് മന്ത്രിമാരുടെ പ്രതികരണം. എന്നാല്‍ കൂടുതല്‍ ആരോപണങ്ങള്‍ വെള്ളിയാഴ്ച പുറത്തു വന്നതോടെ മന്ത്രിമാരുടെ പിന്തുണ ഇനിയും തുടരുമോ എന്നുള്ളത് കണ്ടു തന്നെ അറിയേണ്ടതാണ്.

 

ബ്രിട്ടനിലെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പാരമ്യത്തില്‍ ജോണ്‍സണും ഡൗണിങ് സ്ട്രീറ്റ് ജീവനക്കാരും നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജനങ്ങളെ രോഷാകുലരാക്കിയിരിക്കുകയാണ്.

 

അടുത്ത ബന്ധുക്കളായ രോഗികളെയും മരണപ്പെട്ട പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനോ അവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനോ തടയുന്ന തരത്തിലുള്ള ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തത് കുറച്ചൊന്നുമല്ല ബ്രിട്ടനിലെ ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

 

OTHER SECTIONS