പ്രധാനമന്ത്രി തൃപയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും; ഞായറാഴ്ച സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കും

ജനുവരി 17 ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.

author-image
anu
New Update
പ്രധാനമന്ത്രി തൃപയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും; ഞായറാഴ്ച സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കും

  

തൃശൂര്‍: ജനുവരി 17 ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. കൊച്ചിയിലടക്കം നടക്കുന്ന രണ്ട് ദിവസത്തെ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് റോഡ് മാര്‍ഗമായിരിക്കും പ്രധാനമന്ത്രി തൃപ്രയാറിലേക്ക് എത്തുക. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് ഞായറാഴ്ച സുരക്ഷ പരിശോധന നടത്തും.

അതേ സമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നതോടെയായിരുന്നു വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കുണ്ട്.

കല്യാണ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങള്‍ക്ക് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നല്‍കിയിരിക്കുന്നത്. ആറ് മണിക്കും ഒന്‍പതിനും മധ്യേ വിവാഹങ്ങള്‍ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അന്ന് രാവിലെ എട്ടുമണിയോടെ എത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതല്‍ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. കൊച്ചിയില്‍ മോദിയുടെ റോഡ് ഷോയും നടക്കും.

prime minister Latest News kerala news