കൊള്ളയടിക്കാന്‍ മഹാദേവന്റെ പേര് പോലും ഒഴിവാക്കിയില്ല: പ്രധാനമന്ത്രി

കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളെ കൊള്ളയടിക്കാന്‍ മഹാദേവന്റെ പേര് പോലും ഒഴിവാക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

author-image
Web Desk
New Update
കൊള്ളയടിക്കാന്‍ മഹാദേവന്റെ പേര് പോലും ഒഴിവാക്കിയില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളെ കൊള്ളയടിക്കാന്‍ മഹാദേവന്റെ പേര് പോലും ഒഴിവാക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരു അവസരവും പാഴാക്കുന്നില്ല. കഴിഞ്ഞ ദിവസം റായ്പൂരില്‍ ഒരു വലിയ ഓപ്പറേഷന്‍ നടന്നു. കറന്‍സി നോട്ടുകളുടെ വന്‍ ശേഖരം കണ്ടെത്തി. പിടിച്ചെടുത്ത പണം ചൂതാട്ടക്കാരുടെയും പന്തയം വെക്കുന്നവരുടെതുമാണെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇത്തരത്തില്‍ ജനങ്ങളെ കൊള്ളയടിച്ച പണം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വീടുകള്‍ നിറയ്ക്കുകയാണ്. അതിന്റെ കണ്ണികള്‍ ആരിലേക്കാണ് നീളുന്നുവെന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വലിയ കുംഭകോണത്തില്‍ പ്രതികളായ ദുബൈയിലുള്ളവരുമായി തങ്ങള്‍ക്ക് എന്ത് ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളോട് പറയണം. പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് രാവും പകലും മോദിയെ അധിക്ഷേപിക്കുകയാണ്. ഛത്തീസ്ഗഡിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് മോദിക്ക് ഇത്തരം അപമാനപ്പെടുത്തലുകളെ പേടിയില്ലെന്നാണ്.

അഴിമതിക്കാരെ നേരിടാനാണ് നിങ്ങള്‍ മോദിയെ ഡല്‍ഹിയിലേക്കയച്ചത്. പറയുന്നത് ചെയ്യുക എന്നതാണ് ബി.ജെ.പിയുടെ പാരമ്പര്യം. ഛത്തീസ്ഗഡ് രൂപീകരിച്ചത് ബി.ജെ.പിയാണ്. ഛത്തീസ്ഗഡിനെ ബി.ജെ.പി നല്ല നിലയില്‍ രൂപപ്പെടുത്തിയെടുക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. അഴിമതിയിലൂടെ സ്വന്തം ഖജനാവ് നിറയ്ക്കുകയെന്നതിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ഗണന - പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പ്രചരണം വാതുവെപ്പുകാരുടെ പണം കൊണ്ടെന്ന് സ്മൃതി ഇറാനി

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം വാതുവെപ്പുകാരുടെ പണം കൊണ്ടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ്. അനധികൃത വാതുവെപ്പിലൂടെ കള്ളപ്പണം പിരിച്ച് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ള ഹവാല ഇടപാടാണ് നടന്നതെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഇതുവരെ ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ടിട്ടില്ല. ഈ വാതുവെപ്പ് മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കുമ്പോഴാണ് അദ്ദേഹം സംസ്ഥാനത്ത് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി പറഞ്ഞു.

മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രചാരകരില്‍ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ദൂപേഷ് ബാഗേല്‍ 508 കോടി രൂപ വാങ്ങിയെന്ന ആരോപണവുമായി നടത്തിയ പത്രസമ്മേളനത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

india prime minister narendra modi congress party