'ചീറ്റപ്പുലികള്‍ക്ക് രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പേര് നിര്‍ദ്ദേശിക്കാം'- പ്രധാനമന്ത്രി

By priya.25 09 2022

imran-azhar

 

ന്യൂഡല്‍ഹി: നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരായിരിക്കണം ചീറ്റകള്‍ക്ക് നല്‍കേണ്ടത്. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കാം .

 

മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കീ ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ജന്‍മദിനമായിരുന്ന സെപ്റ്റംബര്‍ 17ന് തുറന്നുവിട്ടത്. തുറന്നുവിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

 

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.നമീബിയയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്.

 

ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര.ചീറ്റകള്‍ക്കൊപ്പം ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിച്ചത്.

 

രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കന്‍ പുല്‍മേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ആണ്‍ ചീറ്റകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്.ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും.

 

അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാന്‍ കാരണം. മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. പ്രായം നാല് വയസ്. സംഘത്തിലെ ആദ്യ പെണ്‍ ചീറ്റയെ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് തെക്ക് കിഴക്കന്‍ നമീബിയയില്‍ നിന്ന് രക്ഷിച്ചെടുത്തതാണ്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്.

 

 

 

OTHER SECTIONS