പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്ന്; രേഖകള്‍ പുറത്ത്

By priya.13 08 2022

imran-azhar

 

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സിലക്ഷന്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിനു ഒന്നാം റാങ്ക് നല്‍കിയത് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ പ്രിയവര്‍ഗീസിനാണ് ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള ഏറ്റവും കുറവ് സ്‌കോര്‍ പോയിന്റും അധ്യാപന പരിചയവുമുണ്ടായിരുന്നത്. ഉയര്‍ന്ന റിസര്‍ച്ച് സ്‌കോര്‍ പോയിന്റുള്ളവരെ അഭിമുഖത്തിനു കുറവ് മാര്‍ക്ക് നല്‍കി പിന്തള്ളുകയായിരുന്നു.


യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിനു സര്‍വകലാശാലയില്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടരായിരുന്ന രണ്ട് വര്‍ഷത്തെ അനധ്യാപക കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കിലെടുത്തതായി വിവരാവകാശ രേഖയില്‍ പറയുന്നു. ഇതു ചട്ടവിരുദ്ധമാണ്.156 സ്‌കോര്‍ പോയിന്റ് മാത്രമുള്ള പ്രിയ വര്‍ഗീസിനാണ് ഒന്നാം റാങ്ക് നല്‍കിയത്.

 

എന്നാല്‍ ഏറ്റവും കൂടുതല്‍ 651 റിസര്‍ച്ച് സ്‌കോര്‍ പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളജ് അധ്യാപകന്‍ സ്‌കറിയ തോമസിനു രണ്ടാം റാങ്കും 645 സ്‌കോര്‍ പോയിന്റുള്ള മലയാളം സര്‍വകലാശാല അധ്യാപകന്‍ സി.ഗണേഷിനു മൂന്നാം റാങ്കുമാണ് നല്‍കിയത്. അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയ്ക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറു പേരെയും അഭിമുഖത്തിനു ക്ഷണിച്ചിരുന്നു.

 

അഭിമുഖത്തിനു 32 മാര്‍ക്ക് നല്‍കിയാണ് പ്രിയ വര്‍ഗീസിനെ ഒന്നാം റാങ്കിലെത്തിച്ചത്.15 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാര്‍ക്കും സി.ഗണേഷിന് 28 മാര്‍ക്കുമാണ് നല്‍കിയത്.സിലക്ഷന്‍ കമ്മിറ്റി തയാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിച്ചത്.


അസോഷ്യേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിനിടെ ഡോ. പ്രിയ വര്‍ഗീസിന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടര്‍ എന്ന നിലയില്‍ ഒരു വര്‍ഷം കൂടി ഡപ്യൂട്ടേഷന്‍ നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തൃശൂര്‍ കേരളവര്‍മ കോളജില്‍ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയയ്ക്ക് കഴിഞ്ഞ ജൂലൈ 7 മുതല്‍ പ്രാബല്യത്തോടെയാണ് ഡപ്യൂട്ടേഷന്‍ നീട്ടി നല്‍കിയത്.

 

 

OTHER SECTIONS