2022ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യു.പിയില്‍ ശ്രദ്ധ ചെലുത്താനൊരുങ്ങി പ്രിയങ്ക

By mathew.16 06 2019

imran-azhar


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ ശ്രദ്ധ ചെലുത്താനൊരുങ്ങി കോണ്‍ഗ്രസ്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഉത്തര്‍പ്രദേശില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ആഴ്ചയില്‍ രണ്ടു തവണ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനും ഒരുങ്ങുകയാണ് പ്രിയങ്ക.

പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്ന ആവശ്യം നേരത്തെ പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് യു.പി.യില്‍ കോണ്‍ഗ്രസ് അടിത്തറ വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്‍കൂര്‍ അനുവാദമൊന്നും നല്‍കാതെ തന്നെ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയൊരുക്കുന്നത്.

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാനത്ത് പ്രിയങ്ക ചെലവഴിക്കുന്ന സമയം ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തിയ പ്രിയങ്ക നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാത്തവരുടെ പേരുകള്‍ കണ്ടെത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS