16 വയസിൽ താഴെയുള്ളവർ വരേണ്ട, ട്യൂട്ടർമാർക്ക് ബിരുദം മുഖ്യം;കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ വിദ്യാഭ്യാസ മന്ത്രാലയം

നടക്ക‌പ്പാക്കാൻ സാധിക്കാത്ത വാ​ഗ്ദാനങ്ങൾ നൽകി കുട്ടികളെ അഡിമിഷനെടുക്കാൻ പ്രേരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

author-image
Greeshma Rakesh
New Update
16 വയസിൽ താഴെയുള്ളവർ വരേണ്ട, ട്യൂട്ടർമാർക്ക് ബിരുദം മുഖ്യം;കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: കോച്ചിംഗ് സെന്ററുകളുടെ പ്രവർത്തനത്തിന് കടിഞ്ഞാണിടാൻ കേന്ദ്രം. നടക്ക‌പ്പാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി കുട്ടികളെ അഡിമിഷനെടുക്കാൻ പ്രേരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.മാത്രമല്ല16 വയസിൽ താഴെയുള്ള കുട്ടികളെ കോച്ചിംഗ് സെന്ററുകളിൽ ചേർക്കാൻ കഴിയില്ലെന്നും സർക്കുലറിൽ പറയുന്നു.

ഇനിമുതൽ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ വിജയിച്ചതിന് ശേഷമെ പ്രവേശനം അനുവദിക്കുകയുള്ളൂ. അമിത ഫീസ് ഈടാക്കുകയോ മറ്റ് ക്രമക്കേടുകളിൽ‌ ഏർപ്പെടുകയോ ചെയ്താൽ അതത് കോച്ചിംഗ് സെന്ററുകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുകയോ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യുമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

കോച്ചിംഗ് സെന്ററുകളിലെ ട്യൂട്ടർമാരുടെ അടിസ്ഥാന യോഗ്യത ബിരുദമായിരിക്കണം. വിദ്യാർത്ഥികളുടെ എണ്ണം കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയോ, മാതാപിതാക്കളെയും കുട്ടികളെയും പ്രലോഭിപ്പിക്കുകയോ ചെയ്യരുത്.കോച്ചിംഗ് സെന്ററുകളുടെ പരിശീലന മികവിനെ കുറിച്ചോ, വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളെ കുറിച്ചോ, വിദ്യാർത്ഥികളുടെ മികവിനെ കുറിച്ചോ നേരിട്ടോ അല്ലാതെയോ യാതൊരുവിധത്തിലുള്ള അവകാശവാദങ്ങൾ, പരസ്യപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ല.

ഏതെങ്കിലും തരത്തിലുള്ള കുറ്റത്തിന് ശിക്ഷപ്പെട്ട വ്യക്തികളെ അദ്ധ്യാപകന്റെ പദവിയിൽ നിയമിക്കരുത്, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാകണം എൻറോൾമെന്റ് തുടങ്ങിയ കാര്യങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വിശദീകരിക്കുന്നത്.ട്യൂട്ടർമാരുടെ യോഗ്യത, കോഴ്‌സുകൾ അല്ലെങ്കിൽ പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റൽ സൗകര്യങ്ങൾ, ഈടാക്കുന്ന ഫീസ് എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത വിശദാംശങ്ങളുള്ള വെബ്‌സൈറ്റ് എന്നിവ അതത് കോച്ചിംഗ് സെന്ററുകൾക്ക് ഉണ്ടായിരിക്കണം.

വർദ്ധിച്ചുവരുന്ന മത്സരബുദ്ധിയും പഠനത്തിലെ സമ്മർദ്ദവും കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കുട്ടികൾക്ക് മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ തുടങ്ങിയവരുടെ സഹായം ഉറപ്പാക്കണം. ഇവരുടെ പേരുവിവരങ്ങൾ, അവർ സേവനം നൽകുന്ന സമയം തുടങ്ങിയ വിവരങ്ങൾ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും നൽകണമെന്നും കേന്ദ്രത്തിന്റെ സർക്കുലറിലുണ്ട്.മേൽ പറയുന്ന പുതിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമെ സ്ഥാപനത്തിന് രജിസ്ട്രേഷൻ നൽകൂ.

സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനുമാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. വർദ്ധിച്ച് വരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അദ്ധ്യാപന രീതികൾ, കുട്ടികളെ പുറത്താക്കൽ തുടങ്ങിയവയെ കുറിച്ച് നിരവധി പരാതികളാണ് സർക്കാരിന് ദിനംപ്രതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനങ്ങൾ.

india students coaching centres ministry of education