വിശിഷ്ടാതിഥികള്‍ക്ക് കൈയടി; രഞ്ജിത്തിന് കൂവല്‍

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍.

author-image
Web Desk
New Update
വിശിഷ്ടാതിഥികള്‍ക്ക് കൈയടി; രഞ്ജിത്തിന് കൂവല്‍

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. പ്രസംഗത്തിന് എത്തിയപ്പോഴായിരുന്നു കൂവിയത്. 2022 ലെ ഐഎഫ്എഫ്‌കെയിലും രഞ്ജിത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിശിഷ്ടാതിഥികളെ കൈയടികളോടെ സ്വീകരിച്ചപ്പോഴാണ് രഞ്ജിത്തിന് കൂവല്‍ കിട്ടിയത്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഏറെ വിമര്‍ശനം ഉയര്‍ന്ന അഭിമുഖവുമാണ് രഞ്ജിത്തിനെതിരെ പ്രതിഷേധിക്കാന്‍ കാരണം.

പ്രതിഷേധം ശ്രദ്ധിക്കാതെ രഞ്ജിത്ത് പ്രസംഗം തുടരുന്നു. മേളയുടെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ രഞ്ജിത്ത് പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. എന്നാല്‍, അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കിയ കൗണ്‍സിലിലുള്ളവരുടെ പേരുകള്‍ രഞ്ജിത്ത് പരാമര്‍ശിച്ചതേയില്ല.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടി. മികച്ച സംവിധായകനുള്ള രജത ചകോരം സണ്‍ഡേ എന്ന ചിത്രത്തിലൂടെ ഷോഖിര്‍ ഖോലികോവ് സ്വന്തമാക്കി.

അന്താരാഷ്ട്ര മത്സര വിഭാഗങ്ങളില്‍ മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്‌കാരം മിഗുവേല്‍ ഹെര്‍ണാന്റസ്, മരിയോ മാര്‍ട്ടിനെസ് (ചിത്രം ഓള്‍ ദി സൈലന്‍സ്) എന്നിവര്‍ക്ക് ലഭിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മികച്ച നവാ?ഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് തടവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ റസാഖ് ആണ്. തടവ് ആണ് പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രവും. ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍ മോഹനന്‍ പുരസ്‌കാരം കര്‍വാള്‍ എന്ന ചിത്രം സംവിധാനം ചെയ്ത ഉത്തം കമാട്ടിക്കാണ്.

മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ആട്ടത്തിനാണ്. ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സണ്‍ഡേ എന്ന ചിത്രത്തിലൂടെ ഷോഖിര്‍ ഖോലികോവിന് ലഭിച്ചു. മലയാള സിനിമയിലെ നവാഗത സംവിധായകര്‍ക്ക് നല്‍കുന്ന ഫിപ്രസ്‌കി പുരസ്‌കാരം ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിലൂടെ ശ്രുതി ശരണ്യം സ്വന്തമാക്കി. ഫിലിം ഇന്‍ ഇന്റര്‍നാഷണല്‍ കോംപെറ്റീഷനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ഫെലിപെ കാര്‍മോണെ സംവിധാനം ചെയ്ത പ്രിസണ്‍ ഇന്‍ ആന്‍ഡിസിനാണ്.

ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം ആച്ചീവ്‌മെന്റ് പുരസ്‌കാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. നടന്‍ പ്രകാശ് രാജ് ആയിരുന്നു സമാപനച്ചടങ്ങിലെ വിശിഷ്ടാതിഥി.

വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സംവിധായകരായ ഷാജി എന്‍ കരുണ്‍, മധുപാല്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

kerala film festival renjith IFFK 2023