പിണറായി വിജയൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം, രാജിവെക്കണം: ശ്രീധരൻ പിള്ള

By Sooraj Surendran .24 05 2019

imran-azhar

 

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ 75 നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് പിന്നിലായെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഭരണകൂടവും മന്ത്രിമാരും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടത് എംഎല്‍എമാരായ വീണാ ജോര്‍ജ്, എ പ്രദീപ് കുമാര്‍ എന്നിവര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ പിന്നിലായെന്നും അവരും രാജിവെക്കുന്നതാണ് നല്ലതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസമുണ്ടായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 

ശബരിമലയെ രാഷ്ട്രീയ കമ്പോളത്തില്‍ വില്‍പന ചരക്കാക്കിയിട്ടില്ല. വിശ്വാസികളുടെ സമരത്തിന് പാര്‍ട്ടി കലവറയില്ലാത്ത പിന്തുണ നല്‍കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ശബരിമലയെന്നത് ആത്മാവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മത ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. അത് നടത്തിയത് ബിജെപിയല്ല കേന്ദ്രത്തില്‍ ഒന്നിച്ച് അധികാരം പങ്കിടാന്‍ സിപിഎം ആഗ്രഹിച്ച കോണ്‍ഗ്രസാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തില്‍ 19 സീറ്റുകളിലും വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ദിവസം വിജയാഹ്ലാദ ദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

OTHER SECTIONS