മഴയില്‍ മുങ്ങിയ കുട്ടനാട്ടില്‍ കുടിനീരില്ല; മുഖം തിരിച്ച് ജനപ്രതിനിധികള്‍

By Anju N P.21 Jul, 2018

imran-azhar

 

ആലപ്പുഴ: കലിതുള്ളി പെയ്യുന്ന മഴയില്‍ മുങ്ങിയ കുട്ടനാട് മേഖലയിലേയ്ക്ക് തിരിഞ്ഞു നോക്കാതെ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും. രണ്ടാഴ്ചയോളം നീണ്ട അതിതീവ്രമഴയെത്തുടര്‍ന്ന് ദുരിതത്തിലായ ആലപ്പുഴ ജില്ലയോട് ജനപ്രതിനിധികള്‍ മുഖം തിരിക്കുകയാണെന്നാണ് പരാതി.

 

ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരായ തോമസ് ഐസക്, ആരിഫ്, ജി സുധാകരന്‍, തോമസ് ചാണ്ടി തുടങ്ങിയവര്‍ പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആരോപണം. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു എത്തിയിരുന്നു. ഇദ്ദേഹത്തിനൊപ്പമാണ് ജി സുധാകരന്‍ സന്ദര്‍ശനം നടത്തിയത്. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മാത്രമാണ് ഇതിനു മുന്‍പ് സ്ഥലം സന്ദര്‍ശിച്ചത്.

 

സിപിഎം സംസ്ഥാനസമിതി ഉള്‍പ്പെടെയുള്ള തിരക്കുകള്‍ മൂലമാണ് ഇതുവരെ സ്ഥലം സന്ദര്‍ശിക്കാനാവാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ ജി സുധാരകന്‍ വിശദീകരിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ സ്ഥലത്തെത്താന്‍ കഴിഞ്ഞില്ലെന്ന് തോമസ് ചാണ്ടി എംഎല്‍എയും വിശദീകരിച്ചു.

 

കനത്ത മഴ കുറഞ്ഞെങ്കിലും ജില്ലയില്‍ കൈനകരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദുരിതാശ്വാസക്യാംപുകള്‍ക്ക് പുറമെ ജനങ്ങള്‍ സ്വന്തം നിലയില്‍ തരപ്പെടുത്തിയിട്ടുള്ള വീടുകളിലും മറ്റും കഴിയുന്നുണ്ട്. ഇവര്‍ സ്വന്തം ചെലവിലാണ് നിലവില്‍ ദൈനംദിനകൃത്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദുരിതാശ്വാസക്യാംപുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ധനസഹായം നല്‍കാനാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രാഥമികകൃത്യങ്ങള്‍ക്ക് പോലും സൗകര്യമില്ലെന്നതിനു പുറമെ ഇവിടങ്ങളില്‍ കുടിവെള്ളം പോലും ലഭ്യമല്ല. ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടക്കുന്നുണ്ടെന്നാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് വിശദീകരിക്കുന്നത്.

 

OTHER SECTIONS