By Priya.10 05 2022
ന്യൂയോര്‍ക്ക്:ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ റോയിട്ടേഴ്സ് സംഘം സ്വന്തമാക്കി . ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ പുരസ്കാരം നേടിയ റോയിട്ടേഴ്സ് സംഘത്തില്‍ കഴിഞ്ഞ ജൂലൈയില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖിയും ഉള്‍പ്പെട്ടിട്ടുണ്ട്.
അദ്നാന് ആബിദി, സന്ന ഇര്‍ഷാദ് മട്ടു, അമിത് ദവെ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. 2018ലെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ വ്യക്തിയാണ് ഡാനിഷ് സിദ്ദീഖി.
രോഹിന്ഗ്യ അഭയാര്‍ഥികളുടെ ദുരിതജീവിതം ക്യാമറയില്‍ പകര്‍ത്തിയതിനാണ് അദ്ദേഹത്തിന് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്.
യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നു 98 പേര് കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് ദ് മയാമി ഹെറാള്‍ഡ് പത്രം ബ്രേക്കിങ് ന്യൂസ് വിഭാഗത്തിലെ പുരസ്കാരം നേടി. സാമൂഹികസേവന വിഭാഗത്തിലെ പുരസ്കാരം ക്യാപ്പിറ്റള്‍ ഹില്ലിലെ യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അക്രമത്തിന്റെ വാര്‍ത്തകള്‍ക്ക് ദ് വാഷിങ്ടന്‍ പോസ്റ്റിന് ലഭിച്ചു.
ദ് ടാംപ ബേ ടൈംസ് (അന്വേഷണാത്മക റിപ്പോര്‍ട്ടിങ്), ക്വാണ്ട മാഗസിന് (വിവരണാത്മക റിപ്പോര്‍ട്ടിങ്), ന്യൂയോര്‍ക്ക് ടൈംസ് (ദേശീയ രാജ്യാന്തര റിപ്പോര്‍ട്ടിങ്), ലൊസാഞ്ചലസ് ടൈംസ്, ഗെറ്റി ഇമേജസ് (ബ്രേക്കിങ് ന്യൂസ് ഫൊട്ടോഗ്രഫി) എന്നിവയും പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. യുക്രൈന് യുദ്ധഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബഹുമതിപത്രമുണ്ട്.