കള്ളിമുള്ളുകള്‍ വളരുന്ന സ്വീകരണ മുറികള്‍....

By online desk.15 01 2019

imran-azhar


തിരുവനന്തപുരം: ഉഷ്ണ മരൂഭൂമികളിലെ മണല്‍ക്കാറ്റിനും കടുത്ത ചൂടിനുമൊപ്പം നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകളില്‍പ്പെട്ടതാണ് കള്ളിമുള്‍ച്ചെടിക്കള്‍. മരുഭൂമികളെ കുറിച്ച് കുട്ടിക്കാലത്ത് കേട്ടുതഴമ്പിച്ച കഥകളില്‍ ആദ്യസ്ഥാനവും മരുപ്പച്ചകള്‍ക്കും കള്ളിമുള്‍ച്ചെടികള്‍ക്കുമായിരുന്നു. പിന്നീടെപ്പൊഴോ മണലാരണ്യത്തിലെ കഥകളില്‍ നിന്നിറങ്ങി മലയാളികളുടെ സ്വീകരണ മുറികളിലും വീട്ടുവളപ്പിലെ പൂന്തോട്ടത്തിലും കള്ളിച്ചെടികള്‍ സ്ഥാനമുറപ്പിച്ചു.

 

മൊട്ടിട്ട്് പല നിറത്തില്‍ പൂക്കള്‍ വിരിയുന്ന കള്ളിമുള്‍ച്ചെടികള്‍ ഇന്ന് വീടിനും പൂന്തോട്ടങ്ങള്‍ക്കും അഴകാണ്. ഇപ്പോള്‍ കനകക്കുന്നിലെ വസന്തോത്സവത്തില്‍ വൈവിധ്യമാര്‍ന്ന രൂപ ഭംഗികളോടെ കാഴ്ച്ചക്കാരുടെ മനം കവരുകയാണീ മുള്‍ച്ചെടികള്‍. കള്ളിച്ചെടിയിലെ മുള്ളുകള്‍ക്കു വരെ അഴകുണ്ടായിരിക്കുന്നു. കൂര്‍ത്തവയും, നേര്‍ത്തവയുമായി അവ വളരുന്നു. തൊടിയിലെ അതിരുകള്‍ വേര്‍തിരിച്ചിരുന്ന കള്ളിച്ചെടികള്‍ക്കും അഴകേറുന്ന കാലമാണിപ്പോള്‍. സ്വതന്ത്രമായി വളര്‍ന്നു പന്തലിച്ചിരുന്ന കള്ളിമുള്‍ച്ചെടികളെ ചെടിച്ചട്ടിയുടെ അതിരുകളിലേക്ക് ഞെരുക്കി വളര്‍ത്തി സ്വീകരണ മുറികളിലേക്കെത്തിക്കുകയാണ് ഓരോ പുഷ്‌പോത്സവങ്ങളും.

 

പല വീടുകളുടെയും സ്വീരകരണ മുറികളുടെ മൂലകളിലും കള്ളിമുള്‍ച്ചെടികള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. തൊട്ടാല്‍ മുറിയുന്ന സുന്ദരിക്കോത എന്നാണ് പുഷ്‌പോത്സവ സ്റ്റാളില്‍ നില്‍ക്കു ചേച്ചിയുടെ കമന്റ്. ഈ ചെടിയെ ജനകീയവും ആകര്‍ഷണീയവും ആക്കുന്നതിനുമാണ് ശ്രമം നടക്കുന്നത്. 100രൂപ മുതലാണ് ഇവയുടെ വില. ഏറെക്കുറെ പച്ചനിറമാണ് ചെടികള്‍ക്കുള്ളതെങ്കിലും പച്ചയുടെ ഏറ്റക്കുറച്ചിലുകളും മുള്ളുകളുടെ ക്രമീകരണവും ഓരോന്നിനെയും വ്യത്യസ്തമാക്കുന്നു. ഇലകളുടെ രൂപത്തിലും വ്യത്യസ്തതയുണ്ട്. കടുക് മണിയെക്കാള്‍ വളരെ ചെറിയ വിത്തുകളാണ് കള്ളിമുള്‍ച്ചെടികളുടേത്.

 

ചെറിയ രൂപത്തിലുള്ള മുള്‍ച്ചെടികള്‍ പാകമകുമ്പോള്‍ വിത്തെടുത്ത് മാറ്റിനടാന്‍ കഴിയുമെന്ന് ചെടികള്‍ വില്‍ക്കുന്ന പ്രസാദ് പറയുന്നു. ഇദ്ദേഹത്തിന്റെ ശേഖരണത്തിലുള്ള കള്ളിമുള്‍ച്ചെടികളും വസന്തോത്സവത്തില്‍ പ്രദര്‍ശനത്തിലുണ്ട്. ചെറിയ പന്തിന്റെ ആകൃതിയിലാണ് കൂടുതല്‍ ചെടികളും. അതോടൊപ്പം നീണ്ടുരുണ്ടവയും പരവയും ഞൊറികളോടു കൂടിയവയും മടക്കുകളും ചുളിവുകളുമുള്ളവയും നീളന്‍ ഇലകളുള്ളവയും പാമ്പ് പോലെ ഉരുണ്ട് നീണ്ടവയും ഇക്കൂട്ടത്തിലുണ്ട്. ഉരുണ്ട ചെറിയ ബോളിനു മുകളിലുള്ള പല നിറത്തിലുള്ള പൂക്കളാണ് പല ചെടികളെയും വ്യത്യസ്തമാക്കുന്നത്. വരണ്ട സ്ഥലങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ഈ ചെടികള്‍ 'കാക്റ്റേസീ' സസ്യകുടുംബത്തിലെ അംഗങ്ങളാണ്.

 

വെള്ളം ലഭ്യമാകുമ്പോള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതാണ് അവയുടെ സ്വഭാവം. അതിനുതകുന്നതരത്തില്‍ മാംസളമായ കാണ്ഡമാണ് അവയുടേത്. കാണ്ഡവും മുള്ളുകളുമാണ് ഈ ചെടികളുടെ പ്രധാന ആകര്‍ഷണീയത. വീടുകളില്‍ വളര്‍ത്തുമ്പോള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വെള്ളം നല്‍കിയാല്‍ മതിയാകും. വീടിനുള്ളില്‍ വെച്ച് വളര്‍ത്താമെങ്കിലും ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമെ ഇവ പൂവിടുകയുള്ളൂ. അതിനാല്‍ റൂമുകളില്‍ വെക്കുമ്പോള്‍ ജനാലക്ക് അരികില്‍ വെച്ച് വേണം വളര്‍ത്താന്‍. പൂഷ്പിക്കാത്തതും രൂപ ഭംഗി കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നതുമായ കള്ളിമുള്‍ച്ചെടികളും പ്രദര്‍ശനത്തിലുണ്ട്.

OTHER SECTIONS