പുന്നപ്ര-വയലാര്‍ സമരനായകര്‍ക്കു നല്‍കിയ ഭൂമിക്കു സംഭവിച്ചത്

By Web desk.09 11 2018

imran-azhar

പ്രകൃതിക്ക് എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും. എന്നാല്‍, ആര്‍ത്തി ഇല്ലാതാക്കാനാവില്ല. ഗാന്ധിജിയുടെ വാക്കുകളാണിത്. മഹാത്മാവിന്റെ വാക്കുകളില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് നിറയുന്നത്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ മരുഭൂമിയായി മാറ്റിക്കൊണ്ടിരിക്കുന്നു. കുന്നുകള്‍ അപ്രത്യക്ഷമാകുന്നു. പാടങ്ങളും തോടുകളും ഇല്ലാതാകുന്നു. നീര്‍ത്തടങ്ങളില്‍ വന്‍കെട്ടിടങ്ങള്‍ മുളച്ചുപൊന്തുന്നു. ജലാശയങ്ങള്‍ മണ്ണിട്ടുനികത്തി അംബരചുംബികളായ കെട്ടിടങ്ങള്‍ ഉയര്‍ത്തിയ ശേഷം കുടിവെള്ളമില്ലായ്മയെ കുറിച്ചുപരാതി പറയുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. അധികാരികള്‍ ഉറക്കം നടിക്കുന്നു. എന്താണ് ഇതിനൊരു പരിഹാരം?

 

രാഷ്ട്രീയക്കാര്‍ പ്രകൃതിചൂഷകരുടെ സംരക്ഷകരായി. ഇത്തരം മാഫിയകള്‍ വളരുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ തണലിലാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ നിലനില്‍പ്പ് മാഫിയകളുടെ കാരുണ്യത്തിലും. ഒരു കൊടുക്കല്‍വാങ്ങലാണ് ഇവര്‍ തമ്മിലുള്ളത്. രാഷ്ട്രീയക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനും ഈ മുതലാളിമാര്‍ വേണം. അതുകൊണ്ടുതന്നെ പരിസ്ഥിതിക്കു നാശം വിതയ്ക്കുന്ന ഇത്തരക്കാരുടെ ആശ്രിതരും സംരക്ഷകരുമായി രാഷ്ട്രീയക്കാര്‍ മാറുന്ന വേദനിപ്പിക്കുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. അതിനാല്‍, പരിസ്ഥിതി രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തുന്നില്ല. പരിസ്ഥിതിയുടെ സംരക്ഷകരായി നില്‍ക്കാന്‍ ആര്‍ക്കും കഴിയുന്നുമില്ല. പരിസ്ഥിതിക്കു വേണ്ടി ഉയരുന്ന ചെറുശബ്ദങ്ങളെ നിശബ്ദമാക്കുന്നു. മാഫിയകളുടെ 'മണി-മസില്‍ പവറിനു' മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ആ ശബ്ദങ്ങള്‍ കീഴടങ്ങേണ്ടിവരുന്നു. ചുരുക്കം ചില പരിസ്ഥിതി പ്രക്ഷോഭങ്ങള്‍ ഒഴിച്ചാല്‍ മറ്റുള്ളവയെല്ലാം ലക്ഷ്യം കാണാതെ അവസാനിച്ചു.
കേരളത്തെ മുക്കിയ പ്രളയ ദുരന്തം ചില തിരിച്ചറിവുകളാണ് നല്‍കിയത്. പ്രകൃതിയെ നോവിക്കരുതെന്ന വലിയ പാഠം. എന്നാല്‍, ദുരന്തങ്ങളില്‍ നിന്നു പോലും പാഠം ഉള്‍ക്കൊള്ളാത്ത, ആര്‍ത്തിപിടിച്ച ജനതയായി നാം മാറി. അമ്പരപ്പും ഉത്കണ്ഠയും ഉണ്ടാക്കുന്നതാണ് മലയാളിയുടെ മനോഭാവം.


ചിതറ, കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശം. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഇടംപിടിച്ചിട്ടുള്ള പ്രദേശമാണിവിടം. ചരിത്രത്തില്‍ ചെറുത്തുനില്‍പ്പിന്റെ ചുവന്ന മണ്ണായി അടയാളപ്പെടുത്തിയ പ്രദേശം ഇന്ന് അതിജീവനത്തിനായി കേഴുന്നു. ഇന്നിവിടം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ഏറ്റവും അധികം പാറ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന പ്രദേശം എന്ന നിലയ്ക്കാണ്. നിരവധി ക്രഷര്‍ യൂണിറ്റുകളാണ് ഇവിടെയുള്ളത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതാണ് ചിതറ പഞ്ചായത്തിലേ ചക്കമല പ്രദേശം. ഏകദേശം 60 ഏക്കറോളം കൃഷി യോഗ്യമായ ഭൂമിയും ഔഷധസസ്യങ്ങളും വന്യജീവികളും അടങ്ങുന്നതാണിവിടം. പരിസ്ഥിതി സ്‌നേഹികളും പ്രദേശവാസികളും ഇന്ന് ആശങ്കയിലാണ്. കാരണം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് ഇവിടെ ക്വാറി മാഫിയ അനധികൃതമായി പാറ ഖനനം നടത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള, തേക്ക് ഉള്‍പ്പെടെ കോടിക്കണക്കിനു രൂപ വില മതിക്കുന്ന വനസമ്പത്തും ക്വാറി മാഫിയ കയ്യേറി.


ചക്കമല ഉള്‍പ്പെടെ ചിതറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും മുമ്പ് വനഭൂമിയായിരുന്നു. കാട് വെട്ടിത്തെളിച്ചാണ് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ പ്ലാന്റേഷന്‍ ഒരുക്കിയത്. എന്നാല്‍, ചക്കമല, മടത്തറ തുടങ്ങിയ ഉള്‍പ്രദേശങ്ങള്‍ വനഭൂമിയായി തന്നെ അവശേഷിച്ചു. റബ്ബറിന്റെ വരവോടെ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ ഏക്കറുകണക്കിനു ഭൂമി റബ്ബര്‍ തോട്ടങ്ങളായി. അപ്പോഴും ചക്കമല പ്രദേശം വനഭൂമിയായി തുടര്‍ന്നു.


1971 ലാണ് ഇതിനു മാറ്റമുണ്ടായത്. സി. അച്ചുതമേനോന്‍ സര്‍ക്കാര്‍ പുന്നപ്ര വയലാര്‍ സമരനായകര്‍ക്ക് ഭൂമി പതിച്ചുനല്‍കാനായി തിരഞ്ഞെടുത്തത് ഇവിടെയാണ്. നിരവധി കുടുംബങ്ങള്‍ക്ക് ഇവിടെ ഭൂമി ലഭിച്ചു. പുന്നപ്ര വയലാര്‍ സമരനായകരായ വി. എസ്. അച്യുതാനന്ദനും ഗൗരി അമ്മയ്ക്കും ഉള്‍പ്പെടെ ചക്കമലയില്‍ ഭൂമി ലഭിച്ചു. വി എസും ഗൗരി അമ്മയും ചക്കമലയിലെ ഭൂമിക്കായി എത്തിയില്ല. എന്നാല്‍, വന്നവര്‍ കണ്ടത് വനഭൂമി കയ്യേറി നാട്ടുകാര്‍ കൃഷി ചെയ്തിരിക്കുന്നതാണ്. അന്ന് അവരെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചില്ല. മാത്രമല്ല, മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അന്നും കയ്യേറ്റക്കാര്‍ക്കൊപ്പം നിന്ന ചരിത്രമാണുള്ളത്. സിപിഐയാണ് അന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഭൂമി കിട്ടിയവരില്‍ നാമമാത്രം ആളുകള്‍ മാത്രമാണ് ഭൂമി സ്വീകരിക്കാനും വീടുവച്ച് താമസിക്കാനും തയ്യാറായത്. മറ്റുള്ളവര്‍ തുച്ഛമായ വിലക്ക് ഭൂമി വിറ്റ ശേഷം തിരിച്ചുപോയി. കായല്‍ മേഖലയില്‍ നിന്ന് വന്നവരാണവര്‍. അവരുടെ തൊഴില്‍ ചെയ്ത് ഇവിടെ ജീവിക്കാനാവില്ലല്ലോ? കക്കവാരുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍ അടക്കമുള്ളവരായിരുന്നു അവര്‍. എന്‍. എസ് . രാമനെ പോലുള്ള ചുരുക്കം ചിലര്‍ പിടിച്ചുനിന്നു. റബ്ബര്‍ കൃഷി വ്യാപകമായതോടെ കുറേ ഭൂമി റബ്ബര്‍ തോട്ടങ്ങളായി.


പാറക്കുന്നുകള്‍ നിറഞ്ഞ പ്രദേശമാണ് ചക്കമല. പാറ പൊട്ടിച്ച് ജീവിതമാര്‍ഗം കണ്ടെത്താന്‍ തുടങ്ങിയത് അങ്ങനെയാണ്. തൊഴിലാളികള്‍ കൈകൊണ്ട് പാറപൊട്ടിച്ച് പ്രദേശിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. പറ കൈകള്‍ കൊണ്ട് പൊട്ടിച്ച് ചല്ലികളാക്കി വില്‍ക്കുന്ന ചെറിയ കുടുംബ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ് ചക്കമലയിലെ പാറയെന്ന അക്ഷയ ഖനി മറ്റുള്ളവര്‍ മനസ്സിലാക്കിയത്. പിന്നീട് എണ്‍പതുകളുടെ ആദ്യം ചെറുകിട മുതലാളിമാര്‍ എത്തി. കരിമരുന്ന് നിറച്ച് പാറ പൊട്ടിച്ച് ലോഡുകളാക്കി വില്‍ക്കാന്‍ തുടങ്ങി. ചെറുകിട യൂണിറ്റുകളായി പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ പിന്നീട് വന്‍കിട കമ്പനികള്‍ കൈക്കലാക്കാന്‍ തുടങ്ങി. മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ കാര്യമായ പ്രതിഷേധം ഉയര്‍ത്തിയില്ല. സിപിഐയുടെ യുവജനവിഭാഗം പാറ പൊട്ടിക്കാന്‍ അനുമതി നല്‍കിയതിനെതിരെ രംഗത്തെത്തി. വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്കും പരിസ്ഥിതി കമ്മിറ്റിക്കും അടക്കം നിരവധി പരാതികള്‍ നല്‍കി. കോടതിയെ സമീപിച്ചു. വര്‍ഷങ്ങളോളം സമരങ്ങളും പരാതികളും കേസുകളുമായി ഞങ്ങള്‍ മുന്നോട്ടുപോയി. എന്നാല്‍, അപ്പോഴും വന്‍കിട കമ്പനികള്‍ അനധികൃതമായി പാറ പൊട്ടിക്കുന്നത് തുടര്‍ന്നു.


25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലാത്ത പട്ടയഭൂമിയിലാണ് ചില ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. സബ് രജിസ്റ്റര്‍ ഓഫീസില്‍ നിന്നുള്ള ഒരു എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണിവിടെ ക്വാറികളുടെ പ്രവര്‍ത്തനം. വിവരാവകാശം വഴി അതിന്റെയെല്ലാം രേഖകള്‍ വാങ്ങി വിജിലന്‍സിനടക്കം നല്‍കി. വിജിലന്‍സ് സംഘത്തിനു ഞങ്ങള്‍ സ്ഥലം കാട്ടിക്കൊടുക്കുക പോലും ചെയ്തു. എന്നാല്‍, നടപടിയൊന്നും ഉണ്ടായില്ല. അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ അടക്കം പാറപൊട്ടിക്കുന്നു. ഇവിടെയെല്ലാം പാറ പൊട്ടിച്ചതിന്റെ ഫലമായി വന്‍കുഴികള്‍ രൂപപ്പെട്ടു. പ്രക്ഷോഭവും കേസുകളുമായി മുന്നോട്ടുപോയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. ക്വാറി മാഫിയയുടെ കൈപ്പിടിയാലാണ് പഞ്ചായത്ത്. അവരുടെ ആജ്ഞാനുവര്‍ത്തികളാണ് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും.


ആയിരവല്ലി കുന്നില്‍ ഒരു ക്ഷേത്രമുണ്ട്. അതിനെ സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഞങ്ങള്‍ സമരം ചെയ്തത്. ക്ഷേത്രഭൂമി വേര്‍തിരിച്ചിട്ടുണ്ട്. അതൊഴിച്ച് മറ്റെവിടെയും അവര്‍ക്കു കയ്യേറാം എന്ന അവസ്ഥ. വിലക്കെടുത്ത ഭൂമിയിലാണ് അതുവരെ പാറ പൊട്ടിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴാണ് യഥാര്‍ത്ഥ കയ്യേറ്റം തുടങ്ങിയത്. ഒരു വഴി വെട്ടിയാണ് കയ്യേറ്റത്തിന്റെ തുടക്കം. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വകാര്യവ്യക്തി പലരില്‍ നിന്നായി വിലയ്ക്കു വാങ്ങി പ്ലാന്റേഷന്‍ തുടങ്ങി. പ്ലാന്റേഷന്‍ തട്ടിപ്പിന്റെ ഭാഗമായി ഭൂമി ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇപ്പോള്‍ ആ ഭൂമിയാണ് ക്വാറി മാഫിയ കയറിയിരിക്കുന്നത്. ഭൂമിയുടെ മുമ്പുണ്ടായിരുന്ന പട്ടയം റദ്ദായി; തരിശായി. ഇന്ന് സര്‍ക്കാര്‍ ഭൂമിയാണിത്. അവിടെയാണ് കയ്യേറ്റം. ഇവിടെ ലക്ഷക്കണക്കിനു വിലയുള്ള വൃക്ഷങ്ങളാണുള്ളത്. ഇവിടം കയ്യേറി. കിഴക്കന്‍മലയിലെ ഏറ്റവും ഉയര്‍ന്ന ഭൂമിയില്‍ വൃക്ഷങ്ങള്‍ വെട്ടിമുറിച്ച് വളക്കൂറുള്ള മണ്ണ് നീക്കം ചെയ്ത് പാറ പൊട്ടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെ റവന്യു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കി.
ഇപ്പോള്‍ ചക്കമലയിലും സമീപത്തുമായി അഞ്ചോളം ക്രഷര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം ക്വാറികളും. അടുത്തടുത്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. വന്‍മലകളാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇവയുടെ പ്രവര്‍ത്തനം. പഞ്ചായത്ത് റോഡ് പോലും കയ്യേറിയാണ് പ്രവര്‍ത്തനം. പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെയാണ് ഇവയുടെ പ്രവര്‍ത്തനം. വന്‍കിട മുതലാളിമാര്‍ക്ക് എന്തും ചെയ്യാം, നിയമം കാറ്റില്‍പ്പറത്താം, പ്രകൃതിയെ ചൂഷണം ചെയ്യാം എന്ന അവസ്ഥ. ഇനിയും ഈ പ്രദേശത്ത് ക്വാറികള്‍ വരുന്നു എന്നാണറിയുന്നത്.


പഞ്ചായത്തിലെ ജനങ്ങളുടെ അതിജീവനത്തിനായി അധികാരികള്‍ ഉണരണം. അതിനായി പാരിസ്ഥിതികാഘാത പഠനം നടത്തണം. അടിയന്തരമായി ചെയ്യേണ്ടതാണിത്. ക്വാറി മാഫിയ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകിടം മറിച്ചുകൊണ്ടിരിക്കുന്നു. പാറ ഘനനം ചെയ്ത പ്രദേശങ്ങള്‍ അഗാധമായ കുഴികളായി മാറി. ക്വാറികളും ക്രഷര്‍ യൂണിറ്റുകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. നിരവധി ആസ്തമ രോഗികളും കാന്‍സര്‍ രോഗികളും ഇപ്പോള്‍ ഇവിടെയുണ്ട്.

OTHER SECTIONS