റഫാല്‍ രേഖ പകര്‍പ്പെടുക്കല്‍ മോഷണം തന്നെ: കേന്ദ്രം

By online desk.14 03 2019

imran-azhar

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടതു ശത്രുക്കളുടെ കൈയിലെത്തിയിട്ടുണ്ടെന്നും ഇതു രാജ്യസുരക്ഷയ്ക്കു ഭീഷണിയായിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍. ഇടപാടിന്റെ രേഖകളുടെ പകര്‍പ്പെടുത്തതു മോഷണത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഔദ്യോഗിക രഹസ്യ നിയമ പ്രകാരമുള്ള നടപടികള്‍ തുടരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമിലെ്‌ളന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ദ ഹിന്ദു പുറത്തുവിട്ട രഹസ്യ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നായിരുന്നു കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. ഇതേത്തുടര്‍ന്നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നേരത്തെ ഉന്നയിച്ച വാദം കൂടുതല്‍ വിശദമാക്കിയിരിക്കുന്നത്.

 


രഹസ്യ രേഖകള്‍ ശത്രുക്കള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നത്. വിമാനത്തിന്റെ യുദ്ധക്ഷമത അടക്കമുള്ള കാര്യങ്ങളാണ് രേഖകളിലൂടെ പുറത്തായത്. അനധികൃതമായി രേഖകളുടെ പകര്‍പ്പെടുത്തതു വഴി ഫ്രാന്‍സുമായുള്ള കരാര്‍ ലംഘിക്കപ്പെട്ടതായും സര്‍ക്കാര്‍ പറയുന്നു. കോടതിയില്‍ ഹര്‍ജിക്കാര്‍ നല്‍കിയിരിക്കുന്നത് മോഷ്ടിക്കപ്പെട്ട രേഖകളായതിനാല്‍ അവ ഫയലില്‍നിന്നു നീക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

OTHER SECTIONS